മൈക്ക് അനൗൺസറായി മണ്ഡലം ചുറ്റിയ തെരഞ്ഞെടുപ്പ്
text_fieldsപ്രായപൂർത്തിയായതിനുശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് 1977ലായിരുന്നു. അതിനുമുമ്പും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്. പേക്ഷ സ്വതന്ത്രമായി ചില കാര്യങ്ങൾ ചെയ്യുന്നത് 1977ലെ തെരഞ്ഞെടുപ്പിലാണ്. അന്ന് 23 വയസ്സുള്ള യുവാവ് എന്നനിലയിൽ എനിക്ക് കിട്ടിയ ചുമതല മൈക്ക് അനൗൺസ്മെന്റായിരുന്നു. ജീപ്പിൽ മൈക്ക് സെറ്റ് കെട്ടിവെച്ച് മണ്ഡലം മുഴുവൻ യാത്രചെയ്യാനും അനൗൺസ്മെന്റ് നടത്താനുമുള്ള അവസരമാണ്. അങ്ങനെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി പോകാൻ സാധിച്ചു. അവിടത്തെ ജനങ്ങളുമായി സംവദിക്കാനും. അത് ഒരു പ്രത്യേക അനുഭവമായിരുന്നു.
ഞാൻ ആദ്യമായി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങുന്നത് 1967ലാണ്. അന്ന് ലോക്സഭയിലേക്ക് കാസർകോട് മണ്ഡലത്തിൽനിന്ന് എ.കെ.ജിയും നിയമസഭയിലേക്ക് മാടായി മണ്ഡലത്തിൽ നിന്ന് മത്തായി മാഞ്ഞൂരാനുമാണ് ഇടത് സ്ഥാനാർഥികൾ. മാഞ്ഞൂരാന്റെ പാർട്ടി സഖ്യകക്ഷിയാണ്. അവിടെ അവർക്ക് ആളൊന്നുമില്ല. പേക്ഷ അദ്ദേഹത്തെ വിജയിപ്പിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. 1970ലെ തെരഞ്ഞെടുപ്പാണ് പിന്നെ ഓർമയിലുള്ളത്. അന്ന് ഞങ്ങൾ കുട്ടികളൊക്കെ ചേർന്ന് മെഗാഫോൺ പ്രചരണമാണ്. മെഗാഫോണുമായി കുന്നിൻപുറത്തും ആൽത്തറയിലും കവലയിലുമൊക്കെ ചെന്ന് പ്രചാരണം നടത്തും. ഇന്നത്തെ തലമുറയൊന്നും അത്തരം പ്രചാരണം കണ്ടിരിക്കാൻ വഴിയില്ല. പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും സജീവമായിരുന്നു. വോട്ടെടുപ്പ് ദിവസം ആവേശകരമാണ്.
രാവിലെ അഞ്ചുമുതൽ രാത്രി എട്ടുവരെ ഇടവേളയില്ലാത്ത പ്രവർത്തനമാണ്. ബൂത്ത് കെട്ടലും രോഗികളായ വോട്ടർമാരെ ബൂത്തിലെത്തിക്കലുമൊക്കെയായി ജഗപൊഗയാണ്. നമ്മുടെ കൂടെയാണോ എന്ന് സംശയമുള്ളവർ പോലും നമ്മുടെ ബൂത്തിൽ വന്ന് സ്ലിപ്പ് വാങ്ങിക്കും.
അപ്പോഴൊക്കെ സന്തോഷം തോന്നും. നാട്ടിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ വായിച്ചും കേട്ടും അറിയുമ്പോൾ മനസ്സ് അവിടെയാണ്. ഇത്തവണയും തെരഞ്ഞെടുപ്പിന് മുമ്പ് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

