നാടെങ്ങും ആഹ്ലാദപ്പെരുന്നാൾ
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സഖീർ പാലസ് പള്ളിയിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നു
മനാമ: ആത്മവിശുദ്ധീകരണത്തിെന്റ റമദാൻ മാസത്തിനൊടുവിൽ ആഗതമായ ചെറിയ പെരുന്നാൾ വിശ്വാസികൾ അത്യാഹ്ലാദപൂർവ്വം ആഘോഷിച്ചു. വിവിധ സ്ഥലങ്ങളിൽ ഒരുക്കിയ ഈദ് ഗാഹുകളിൽ ആയിരങ്ങൾ പെരുന്നാൾ നമസ്കാരത്തിനായി ഒത്തുചേർന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സഖീർ പാലസ് പള്ളിയിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചു.
രണ്ട് വർഷത്തെ ഇടവേളക്കുശേഷം കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്ത പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേരാൻ കഴിഞ്ഞതിെന്റ സന്തോഷത്തിലായിരുന്നു വിശ്വാസികൾ.
ബന്ധങ്ങളും സൗഹൃദങ്ങളും പുതുക്കാനും ഊട്ടിയുറപ്പിക്കാനുമുള്ള വേദി കൂടിയായിരുന്നു പെരുന്നാൾ സുദിനം. നമസ്കാരത്തിനുശേഷം പരസ്പരം ആലിംഗനം ചെയ്തും ഈദ് ആശംസകൾ കൈമാറിയും പെരുന്നാൾ സന്തോഷം പങ്കുവെച്ചു.
പൊതുവായ ഈദ് ഗാഹുകൾക്ക് പുറമേ, വിവിധ സ്കൂളുകളും ക്ലബുകളും കേന്ദ്രീകരിച്ച് പ്രവാസി സമൂഹത്തിന് പ്രത്യേക ഈദ് ഗാഹുകൾക്കും അംഗീകാരം നൽകിയിരുന്നു. ഹൂറ ഉമ്മു ഐമൻ സ്കൂൾ, ഗുദൈബിയ അബ്ദുറഹ്മാൻ അദ്ദാഖിൽ സ്കൂൾ, ഈസ്റ്റ് റിഫ ബോയ്സ് സ്കൂൾ, ഉമ്മുൽ ഹസം ക്ലബ്, മാലികിയ്യ സ്കൂൾ ഫോർ ബോയ്സ്, ഇന്ത്യൻ സ്കൂൾ ഈസ ടൗൺ, ഹമദ് ടൗൺ യൂത്ത് സെന്‍റർ, സിത്ര ഹാലത് ഉമ്മുൽ ബൈദ് പള്ളിക്ക് എതിർവശമുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പ്രവാസി സമൂഹത്തിനായി ഈദ് ഗാഹുകൾ സംഘടിപ്പിച്ചു.
രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പെരുന്നാൾ ആഘോഷത്തിന് നൂറുകണക്കിനാളുകൾ എത്തിയിരുന്നു. വീടുകളിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയും സന്തോഷം പങ്കിട്ടു.
മഹാമാരിയുടെ കെടുതികൾക്കൊടുവിൽ പുതുപ്രതീക്ഷകൾ സമ്മാനിച്ച് കടന്നുവന്ന ചെറിയ പെരുന്നാൾ വിവിധ മതസ്ഥരുടെ സംഗമത്തിനും വേദിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.