ബഹ്റൈനിൽ ഈദ് നമസ്കാരം 5.05ന്; ഈദ് ഗാഹുകൾ സജ്ജം
text_fieldsമനാമ: സുന്നീ ഔഖാഫുമായി സഹകരിച്ച് ഇന്ത്യൻ സ്കൂളിൽ മലയാളി സമൂഹത്തിനായി സംഘടിപ്പിക്കുന്ന ഈദ് ഗാഹിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ എം. അബ്ബാസ് അറിയിച്ചു. ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ച് നേരത്തെ തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും നമസ്കാരത്തിനെത്തുന്നവർക്ക് സ്നാക്സ് അടക്കമുള്ളവ ലഭ്യമാക്കുന്നതിനും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. രാവിലെ 5.05ന് നടക്കുന്ന നമസ്കാരത്തിൽ പങ്കെടുക്കുന്നതിന് അംഗശുദ്ധിയോടെ നേരത്തെ എത്താൻ ശ്രദ്ധിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു. ബഹ്റൈനിലെ ഏറ്റവും വലിയ മലയാളി സംഗമം എന്ന ഖ്യാതി ഇന്ത്യൻ സ്കൂളിലെ ഈദ് ഗാഹിനുണ്ട്. കുടുംബങ്ങളും നാട്ടുകാരും ഒത്തു ചേർന്ന് സന്തോഷം പങ്കുവെക്കാൻ കഴിയുന്ന സന്ദർഭമായും ഇതിനെ ഉപയോഗപ്പെടുത്തുന്നത് ഏറെ ഹൃദ്യമാണെന്നും സംഘാടകർ വ്യക്തമാക്കി.
ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) നടത്തുന്ന ഈദ് ഗാഹുകൾ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹൂറ ഉമ്മു ഐമൻ ഗേൾസ് ഹൈസ്‌കൂൾ ഗ്രൗണ്ട്, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കുന്ന നമസ്കാരങ്ങൾക്ക് പുറമെ അൽ ഹിദായ സെന്ററിന്റെ നേതൃത്വത്തിൽ ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് ഹൈസ്‌കൂൾ ഗ്രൗണ്ടിലും ഈദ് നമസ്ക്കാരം നടക്കുന്നതാണ്. രാവിലെ 5:05 ആരംഭിക്കുന്ന പ്രാർത്ഥനകൾക്ക് പ്രമുഖ പണ്ഡിതന്മാർ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

