‘ഈദുൽ വതൻ’; കെ.എം.സി.സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
text_fieldsകെ.എം.സി.സി ബഹ്റൈൻ ദേശീയദിന പരിപാടിയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽനിന്ന്
മനാമ: 54ാമത് ബഹ്റൈൻ ദേശീയദിനം ഈദുൽ വതൻ എന്ന ശീർഷകത്തിൽ കെ.എം.സി.സി ബഹ്റൈൻ വിപുലമായി ആഘോഷിക്കും. ലോകസമൂഹത്തിനും, വിശിഷ്യാ മലയാളികൾക്കും എന്നും സ്വസ്ഥവും സമ്പൂർണവുമായ ജീവിതമാർഗം കനിഞ്ഞേകുന്ന ബഹ്റൈൻ രാജ്യത്തിന്റെ ദേശീയദിനം ഹൃദയത്തോട് ചേർത്ത് നിർത്തി ആചരിക്കുകയാണ് കെ.എം.സി.സി ബഹ്റൈൻ.
ദേശീയദിനമായ ഡിസംബർ 16ന് ചൊവ്വാഴ്ച രാവിലെ സൽമാനിയ മെഡിക്കൽ സെന്ററിൽ 200 പേരുടെ രക്തദാനം നിർവഹിച്ചുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. മലബാർ ഗോൾഡിന്റെ സഹകരണതോടുകൂടി സംഘ ടിപ്പിക്കുന്ന 42ാം മത് രക്തദാനമാണ് കെ.എം.സി.സി നിർവഹിക്കുന്നത്. ദേശീയദിനമായ ഡിസംബർ 16 ന് ചൊവ്വാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന രക്തദാനക്യാമ്പ് ഉച്ചക്ക് ഒന്നുവരെ തുടരും. അന്നേദിവസം രാത്രി 8 മണിക്ക് കെ.എം.സി.സി ഓഡിറ്റോറിയത്തിൽ കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ബഹ്റൈനിലെ വിദ്യാർഥി - വിദ്യർഥിനികളുടെ ബഹ്റൈൻ ദേശീയഗാനാലാപനവും, അറബിക് ഡാൻസ്, ഒപ്പന, ദഫ്മുട്ട് തുടങ്ങിയ കലാപ്രകടനങ്ങളും അവതരിപ്പിക്കും.
ഡിസംബർ 18ന് രാത്രി 8 മണിക് കെ.എം.സി.സി ബഹ്റൈൻ സാംസ്കാരിക വിഭാഗമായ ഒലീവ് സാംസ്കാരിക വേദി കെ.എം.സി.സി ഓഡിറ്റോറിയത്തിൽ ‘സ്പീച്ച് ഓഫ് സെലിബ്രേഷൻ’ സംഘടിപ്പിക്കും. ‘ഹൃദയാന്തരങ്ങളിലെ ബഹ്റൈൻ’ എന്ന അനുഭവബോധ്യം പകർന്നേകുന്ന പ്രസംഗ പരിപാടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും. പ്രസ്തുത പരിപാടിയിലും ബഹ്റൈൻ പാർലമെന്റ് അംഗങ്ങൾ, സാമൂഹിക സാംസ്കാരി രംഗത്തെ പ്രഗത്ഭർ, കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. ബഹ്റൈനിലെ മലയാളി സമൂഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 34599814 നമ്പറിൽ ബന്ധപ്പെടാം. പത്രസമ്മേളനത്തിൽ കെ.എം.സി.സി ബഹ്റൈൻ ആക്റ്റിങ് പ്രസിഡന്റ് എ.പി. ഫൈസൽ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, വൈസ് പ്രസിഡന്റ് മാരായ റഫീഖ് തോട്ടക്കര, സലീം തളങ്കര, സെക്രട്ടറി അഷ്റഫ് കാട്ടിൽ പീടിക, ഹെൽത് വിങ് കൺവീനർ ഉമ്മർ മലപ്പുറം, ജീവ സ്പർശം മീഡിയ കൺവീനർ പി.കെ. ഇസ്ഹാഖ്, മീഡിയ വിങ് കൺവീനർ ആഷിക് തോടന്നൂർ, വളണ്ടിയർ കൺവീനർ സിദ്ധിക്ക് അദ്ലിയ, മലബാർ ഗോൾഡ് റീജനൽ മാർക്കറ്റിങ് ഹംദാൻ കാസർകോട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

