ത്യാഗസ്മരണയിൽ ബലിപെരുന്നാൾ
text_fieldsത്യാഗസ്മരണകളുമായി ഇന്ന് ബലിപെരുന്നാൾ. പെരുന്നാളിനെ വരവേറ്റ് മൈലാഞ്ചിയിടുന്ന കുടുംബം- സത്യൻ പേരാമ്പ്ര
മനാമ: ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്മരണകൾ തീർത്ത മറ്റൊരു ബലിപെരുന്നാൾകൂടി വന്നെത്തുകയാണ്. കഠിനാനുഭവങ്ങളുടെ തീച്ചൂളയിൽ അജയ്യനായി നിലപാടെടുത്ത ഇബ്രാഹീം നബിയുടെ നിശ്ചയദാർഢ്യം വിശ്വാസിക്ക് ആഘോഷ വേളയിൽ കരുത്തു പകരും.
അതിരുകളും വേർതിരിവുകളുമില്ലെന്ന് കർമത്തിലൂടെ പ്രഖ്യാപിച്ച് മക്കയിൽ തീർഥാടനത്തിനെത്തിയ മനുഷ്യക്കടലിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുക കൂടിയാണ് വിശ്വാസികൾ ഇന്ന്. അറഫ സംഗമവും മിനയിലെ രാപ്പാർക്കലും കഴിഞ്ഞ് ഹാജിമാരും പെരുന്നാളാഘോഷിക്കും. കേരളത്തിൽ നാളെയാണ് ആഘോഷം. മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് പെരുന്നാൾ ജൂൺ ഏഴിനായത്. പരീക്ഷണങ്ങളുടെ അഗ്നിപഥങ്ങളെ വിശ്വാസദാർഢ്യംകൊണ്ട് അതിജയിക്കാമെന്ന സന്ദേശമാണ് ബലിപെരുന്നാളിന്റേത്. പ്രതിസന്ധികളുടെ കഠിനപർവങ്ങളെ സഹനം, വിവേകം, ക്ഷമ, സമർപ്പണം എന്നീ ഗുണങ്ങളാൽ അതിജയിക്കുകയാണ് ഇബ്രാഹീമീ പാരമ്പര്യം. കൂടിച്ചേരലിന്റെയും സ്നേഹംപങ്കിടലിന്റെയും ദിനംകൂടിയാണിന്ന്.
പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ടവരെയും നാട്ടുകാരെയും ഒന്നിച്ച് കാണാനും സന്തോഷം പ്രകടിപ്പിക്കാനും പരസ്പരം ആലിംഗനം ചെയ്യാനും മലയാളി സംഘടനകളടക്കം സുന്നി ഔഖാഫിന്റെ നേതൃത്വത്തിൽ ഈദ് ഗാഹുകൾ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ അഞ്ചിനാണ് നമസ്കാരം. നമസ്കാരം നടക്കുന്ന പള്ളികളും ഈദ് ഗാഹുകളും സുന്നി ഔഖാഫ് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. പെരുന്നാൾ രാവുകളെയും പകലുകളെയും അതിമനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ആഘോഷ പരിപാടികളാണ് രാജ്യത്തുടനീളം ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ഒരുക്കിയിരിക്കുന്നത്. സ്വദേശികളോടൊപ്പം തന്നെ ടൂറിസ്റ്റുകളെയും പ്രവാസി കുടുംബങ്ങളെയും ആകർഷിക്കുന്ന സംഗീത നിശകളും കായിക കലാ വിനോദങ്ങളാലും വരും ആഴ്ചകൾ സമൃദ്ധമാണ്.
209 തടവുകാർക്ക് മോചനം
മനാമ: ബലിപെരുന്നാളിനോടനുബന്ധിച്ച് 209 തടവുകാരെ മോചിപ്പിക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശം. വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരും ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവരുമായ തടവുകാർക്കാണ് മാപ്പ് നൽകി വിട്ടയക്കുന്നത്. രാജ്യ പുരോഗതിക്കായി പ്രവർത്തിക്കുന്നതിനും സമൂഹത്തിൽ ഇടപഴകാനുമുള്ള അവസരം ഒരിക്കൽകൂടി നൽകുകയാണ് പാരമ്പര്യമായി നൽകിവരുന്ന ഈ മാപ്പിലൂടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

