സന്തുലിത ബജറ്റിന് ശ്രമം ശക്തമാക്കും –മന്ത്രിസഭ
text_fieldsമന്ത്രിസഭാ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ അധ്യക്ഷത വഹിക്കുന്നു
മനാമ: സന്തുലിത ബജറ്റിനായുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലക്കുറവ്, കോവിഡ് പ്രതിസന്ധി എന്നിവക്കിടയിലും സന്തുലിത ബജറ്റെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാൻ ശ്രമിക്കണം. വരവ്, ചെലവുകള്‍ തുല്യമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലുള്ള മുന്നേറ്റം ആശാവഹമാണെന്നും യോഗം വിലയിരുത്തി.
ദേശീയ റഫറണ്ടത്തിെൻറ 20ാം വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും മന്ത്രിസഭ പ്രത്യേകം ആശംസകള്‍ നേര്‍ന്നു.
ആധുനിക ബഹ്റൈനെ രൂപപ്പെടുത്തുന്നതിലും രാജ്യത്തിെൻറ സര്വതോന്മുഖമായ പുരോഗതിയിലും ദേശീയ റഫറണ്ടത്തിന് വലിയ പങ്കുണ്ട്. ഒരുരാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും താല്പര്യവും ഇച്ഛയും സമ്മേളിച്ച ചരിത്രമാണ് റഫറണ്ടത്തിേൻറത്. എല്ലാ മേഖലകളിലും സമൂല മാറ്റം കൊണ്ടുവരാന്‍ ദേശീയ റഫറണ്ടത്തിന് സാധ്യമായിട്ടുണ്ടെന്നും വിലയിരുത്തി.
ഹൂതികളുടെ തീവ്രവാദആക്രമണ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത് മേഖലക്ക് ഭീഷണിയാണെന്ന് മന്ത്രിസഭ വിലയിരുത്തി. സൗദിക്ക് നേരെ ഈയടുത്ത ദിവസങ്ങളില്‍ നടന്ന ആക്രമണ ശ്രമങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവന് നേരെ നടത്തിക്കൊണ്ടിരിക്കുന്ന ഭീഷണി അന്താരാഷ്ട്ര മര്യാദകള്‍ക്ക് എതിരാണ്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും അന്താരാഷ്ട്ര വേദികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു. എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായാണ് ബഹ്റൈൻ നിലനിൽക്കുന്നതെന്നും ഓര്‍മിപ്പിച്ചു.
യു.എ.ഇയുടെ ചൊവ്വ പര്യവേഷണ പേടകമായ ഹോപ് വിജയകരമായി വിക്ഷേപിച്ചത് നേട്ടവും അഭിമാനകരവുമാണെന്ന് വിലയിരുത്തി. മേഖലക്കും ജി.സി.സിക്കും അഭിമാനത്തിന് വക നല്കുന്ന ഒന്നാണിത്. യു.എ.ഇ ഭരണാധികാരികള്‍ക്കും ജനതക്കും പ്രത്യേകം ആശംസകള്‍ നേരുകയും ചെയ്തു. ചില മന്ത്രാലയങ്ങളില്‍ അഴിച്ചുപണി നടത്താനുള്ള നിര്‍ദേശങ്ങള്‍ക്ക് യോഗം അംഗീകാരം നല്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

