ഒരുമയുടെ ആഘോഷം
text_fieldsപൂവും പൂവിളിയുമായി മറ്റൊരു ഓണക്കാലം കൂടി ആഗതമായി. പുത്തൻ പുടവയും, സദ്യ വട്ടങ്ങളുമായി ആയി പൊന്നിൽ ചിങ്ങം അവിസ്മരണീയം ആക്കാൻ എല്ലാ മലയാളികളും ഒരുങ്ങിക്കഴിഞ്ഞു .
പ്രവാസികളെ സംബന്ധിച്ചിടത്തോളം ഓണം ഗൃഹാതുരത്വത്തിന്റെ ആഘോഷം കൂടി ആണ്. ഇനി രണ്ടു മൂന്നു മാസം പ്രവാസ ലോകം ഓണാഘോഷത്തിന്റെ തിരക്കിലും പാച്ചിലിലും ആയിരിക്കും. ഓരോ അവധി ദിവസത്തിനും ഓണത്തിന്റെ നിറവും മണവും ആരവവും ആയിരിക്കും.
എന്റെ ഓർമ്മകളിലും സജീവമായി നില്കുന്നത് കുട്ടികാലത്തെ ഓണാഘോഷം തന്നെയാണ്. ഓണത്തിന് കിട്ടുന്ന പത്തു ദിവസത്തെ അവധി, അതിരുകളില്ലാത്ത അനന്ദത്തിന്റെ അവർണനീയമായി ദിനങ്ങൾ ആയിരുന്നു. അവസാനത്തെ ഓണ പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് ഓടുന്നതോടു കൂടി, ഓണനാളുകൾ ആരംഭിക്കുകയാണ്. ഊഞ്ഞാല് കെട്ടുന്നതാണ് ആദ്യ പടി.
ഓല കീറുകളിൽ അലങ്കാരങ്ങൾ ഉണ്ടാക്കി മുറ്റത്തു തൂക്കിയിടും. ഉപ്പേരിയും ശർക്കര വരട്ടിയും, കൊഴലപ്പവും ഓണത്തിനുണ്ടാക്കുന്ന മറ്റു പലഹാരങ്ങളും കേറിഇറങ്ങി കഴിച്ചും, അക്കുവട്ടിയും , കോലു കളിയും ഏറു പന്തും കളിച്ചു, കുട്ടുകാരോടൊത്തു പുപാറ്റയെപോലെ പാറി നടക്കും.
തിരുവോണത്തിന് മുറ്റത്തു ഒത്ത നടുക്ക് പ്രധാന വാതിലിനു മുൻപിലായി പൂക്കളം ഒരുക്കും. വട്ടയില കുമ്പിളാക്കി മുറ്റത്തും തൊടിയിലും അടുത്ത വീടുകളിലുമെല്ലാം കയറി ഇറങ്ങി തെച്ചിയും ചെമ്പരത്തിയിയും മുക്കുറ്റിയും എന്ന് വേണ്ട കാക്കപ്പൂവും, തൊട്ടാവാടിയും കനകാംബരവും,കിട്ടാവുന്ന എല്ലാ പൂക്കളും ശേഖരിക്കും. പിന്നെ എല്ലാവരും കുടി ഇരുന്നു പൂക്കളം ഒരുക്കും.
ഉച്ചക്ക് കാളനും ഓലനും എരിശ്ശേരിയും പുളിശ്ശേരിയും തോരനും എല്ലാം കുട്ടി സമൃദ്ധമായ സദ്യ. അവസാനം പാലടയും പയര് പായസവും അല്ലെങ്കിൽ അരിപ്പായസം. വൈകുന്നേരം ആകുമ്പോഴേക്കും ക്ലബ്ബിന്റെ വക ഓണപ്പരിപാടികൾ തുടങ്ങും. അതിനും പോയി തിരിച്ചെത്തുമ്പോഴാണ് ഒരു തിരുവോണ ദിവസത്തിന് തിരശീല വീണിരുന്നത്. നമ്മുടെ ഓർമ്മചെപ്പിൽ കാത്തു സൂക്ഷിക്കുന്ന മഞ്ചാടികുരു പോലെയാണ് ഓരോ ഓണവും, അങ്ങനെ ഒരു ഓര്മ കൂടി പങ്കു വെക്കട്ടെ.
രണ്ടായിരത്തിന്റെ തുടക്കത്തിലാണ്, ഞാൻ ചെന്നൈയിൽ ജോലിക്കു വന്നതിനു ശേഷമുള്ള ആദ്യ ഓണമാണ്. എങ്ങനെയെങ്കിലും നാട്ടിൽ പോണമെന്ന് ഉണ്ട്. ഒന്ന് പോണമെന്ന് ആഗ്രഹിച്ചു പോയാൽ പിന്നെ രക്ഷയില്ല. അത് നമ്മളെ വല്ലാതെ അലോസരപ്പെടുത്തികൊണ്ടിരിക്കും പ്രതേകിച്ചു ആദ്യമായി വീട്ടിൽ നിന്ന് മാറി നിൽകുമ്പോൾ. ചെന്നെയിലെ ചൂടും, ചൂരും ഒപ്പം തക്കാളിയും , തൈര് സാദവും ദോശയും ഇഡലിയും ഒകെ കഴിച്ചു അതീവ അസന്തോഷത്തോടെ ജീവിക്കുമ്പോൾ നാട്ടിൽ പോകാതെ പിടിച്ചു നിന്നതു മറ്റു വഴി ഒന്നും ഇല്ലാത്തതു കൊണ്ടാണ്. ഒരു ജോലിയും ജീവിക്കാനുള്ള മറ്റു പ്രതീക്ഷകളും ഇല്ലാഞ്ഞത് കൊണ്ടാണല്ലോ ഡിഗ്രിയും പിടിച്ചു ചെന്നൈയ്ക്ക് ട്രെയിൻ കയറിയത്.
ലീവ് കിട്ടുന്നത് തലേ ദിവസം വൈകുന്നേരം നാലു മാണിയോട് കൂടിയാണ്. വെള്ളിയും ശനിയും ,ഞായറും കൂട്ടി മുന്ന് ദിവസം. പിന്നീട് ഒരു പാച്ചിൽ ആരുന്നു, ഓഫീസിൽ നിന്നും നേരെ റോയപ്പേട്ടയിലേക്ക്, അവിടുന്ന് ഓട്ട പിടിച്ചു സെൻട്രൽ സ്റ്റേഷൻ. പേശാൻ നിക്കാതെ റിക്ഷകാരന് പൈസയും കൊടുത്തു ടണൽ വഴി സ്റ്റേഷനിലേക്ക് ഓടി, ആരെയൊക്കെയോ തട്ടി, തള്ളി, ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിലേക്ക് എത്തി. തിക്കും, തിരക്കും, ഒരു പുരത്തിനുള്ള ആള് ഉണ്ട് അവിടെ. നീണ്ട ക്വുവിന്റെ അവസാനം ബാഗും വച്ച് ട്രെയിൻ സമയവിവര പട്ടിക നോക്കി. ഓടിയതും, തമിഴിൽ തെറി കേട്ടതും ഒക്കെ വെറുതെയായി, മദ്രാസ് മെയിൽ ഒന്നര മണിക്കൂർ ലേറ്റ്. സാവധാനം ടിക്കറ്റ് എടുത്തു, പുറത്തിറങ്ങി ഭക്ഷണം കഴിച്ചു ഒരു കുപ്പി വെള്ളവും വാങ്ങി ഞാൻ പ്ലാറ്റഫോമിലേക്കു നടന്നു.
ട്രെയിൻ പ്ലാറ്റഫോമിലേക്കു എത്തുമ്പോൾ ഒൻപതു മണി കഴിഞ്ഞു. ഒരു തരത്തിൽ ഇടിച്ചു അകത്തു കയറി. കാല് വക്കാനുള്ള ഇടം പോലുമില്ലാതെ ലോക്കൽ കംപാർട്മെന്റ് തിങ്ങി നിറഞ്ഞിരുന്നു. ലഗേജ് റാക്കിൽ നീണ്ടു നിവർന്നു കിടന്നു ഒരു മനുഷ്യൻ ഉറങ്ങുന്നു. ഇയാൾ എവിടുന്നു കയറി, എത്ര പെട്ടാണ് ഉറങ്ങിയൊ? ഞാൻ ആലോചിച്ചുകൊണ്ടു ബാഗും നെഞ്ചോടു ചേർത്ത് കമ്പിൽ ചാരി നിന്നു.
ബാഗ് പിടിക്കണോ? മനസൊന്നു പൂത്തു. അപ്പോഴാണ് ഞാൻ കാണുന്നത് വിൻഡോക്കു അടുത്ത സീറ്റിൽ ഒരു "മലയാളി ". എന്നെപോലെ ഓണം ആഘോഷിക്കാൻ ഇറങ്ങി പുറപ്പെട്ട ഭാഗ്യവാൻ ആയിരിക്കണം. നാട്ടിൽ എവിടെയാ? എന്നാരാഞ്ഞു കൊണ്ട് ഞാൻ ബാഗ് ആ കൈലോട്ടു കൊടുത്തു. പെരുമ്പാവൂർ എത്തുബോഴേക്കു ഞാനും ഒരു സീറ്റ് ഒപ്പിച്ചു. വീട്ടുകാര്യവും, നാട്ടുകാര്യവും, ചെന്നൈ വിശേഷങ്ങളും പറഞ്ഞു ഞങ്ങൾ ഇരുന്നു. രാജേഷ് എന്നായിരുന്നു അയാളുടെ പേര്, നാട് കോട്ടയം അയ്മനം. വർത്തമാനം പറഞ്ഞു സമയം പായതറിഞ്ഞില്ല എന്നതാണ് സത്യം, കുറെ നേരം ഉറങ്ങി, രാവിലെ എഴുന്നേക്കുമ്പോൾ ട്രെയിൻ ഷൊർണുർ കഴിഞ്ഞിരുന്നു .
ഇടക്ക് ചായയും കുടിച്ചു ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു. എറണാകുളം എത്തിയപ്പോൾ വടയും ചട്നിയും വാങ്ങി കഴിച്ചു.ട്രെയിൻ കോട്ടയം എത്തുമ്പോഴേക്കും സമയം പതിനൊന്നര കഴിഞ്ഞു. വൈകിയതുകൊണ്ടാകണം, തിരുവോണത്തിന്റെ സദ്യ കഴിക്കാനായി രാജേഷ് എന്നെ വീട്ടിലെലേക്ക് ക്ഷണിച്ചു. ഒഴിവുകഴിവ് പറഞ്ഞെങ്കിലും രാജേഷിന്റെ സ്നേഹോഷ്മളമായ നിർബന്ധത്തിന് മുൻപിൽ ക്ഷണം സ്വീകരിക്കേണ്ടി വന്നു.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ പിടിച്ചു രാജേഷിന്റെ വീട്ടിലേക്ക്, ഫോൺ ചെയ്തു അറിയിച്ചത് കൊണ്ട് കൂടുതൽ പരിചയപ്പെടുത്തൽ ഒന്നും വേണ്ടി വന്നില്ല. വിഭവ സമൃദ്ധമായ ഓണ സദ്യ എല്ലാവരും കൂടി ഇരുന്നു കഴിച്ചു, രാജേഷിന്റെ മാതാ പിതാക്കളുടെയും അനിയത്തിയുടെയും സ്നേഹ ഉപചാരങ്ങൾ ഇന്ന് കണ്ണ് നനയാതെ എനിക്ക് ഓർക്കാൻ കഴിയില്ല.
ഓണത്തിന്റെ ഓർമകളിൽ ഇന്നും അത്ഭുതമായി തോന്നുന്നത് ബന്ധങ്ങളിലെ കലർപ്പില്ലാത്ത നിര്മലതയായിരുന്നു. സ്നേഹം സത്യവും നിർലോഭവുമായിരുന്നു. സൗഹൃദം ആഴമേറിയതും ഉഷ്മളവുമായിരുന്നു. എന്നാൽ ബന്ധങ്ങളിലെ ഈ ഇഴയടുപ്പവും, ആത്മബന്ധയും ഇന്ന് കുറഞ്ഞു വരുന്നു. ഓണം ഒരു മാതൃകയാണ്. വലിയൊരു സന്ദേശമാണ് ഓണം പ്രതിനിധാനം ചെയ്‌യുന്നത്. നാം എല്ലാവരും ഒന്നാണ്. ഈ ഭൂമിയിൽ ജീവിക്കുവാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. വ്യക്തികളുടെ ജീവിത സാഹചര്യങ്ങൾ വെത്യസ്തമായിരിക്കാം, കാഴ്ചപ്പാടുകൾ പലതായിരിക്കാം. എന്നാൽ ജാതി മത വർഗ്ഗ ഭേദമെന്യേ എല്ലാവരെയും, സ്നേഹിക്കുവാനും, കരുതുവാനും ചേർത്ത് പിടിക്കുവാനും കഴിയുമ്പോഴാണ് ഓണം അർത്ഥവത്താകുന്നത്.
എല്ലാവരും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു നല്ല ഓണം ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

