കിഴക്കൻ മുഹറഖ് തീരദേശ വികസനം: പുതിയ ഘട്ടം പ്രഖ്യാപിച്ചു
text_fieldsമനാമ: കിഴക്കൻ മുഹറഖ് തീരദേശമേഖലയുടെ വികസനത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി റോഡ് 65ലെ രണ്ട് പ്രധാന സ്ഥലങ്ങൾ വിനോദ കേന്ദ്രങ്ങളും പൊതു കടൽതീരങ്ങളുമായി മാറ്റുമെന്ന് നഗരസഭ കാര്യ-കൃഷി മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. എം.പി ഹിഷാം അൽ അഷീരിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. അംവാജ് ദ്വീപുകളിലേക്കുള്ള ഡ്രൈ ഡോക്ക് പാതയിൽ നേരത്തേ നടപ്പിലാക്കിയ ‘സമ ബേ’ പദ്ധതിയുടെ തുടർച്ചയായാണ് പുതിയ വികസന പ്രവർത്തനങ്ങൾ.
രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിയിൽ രണ്ട് ബീച്ചുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഫുഡ് ട്രക്കുകൾക്കായുള്ള സ്ഥലം, പ്രൊമെനേഡ് (നടപ്പാത), രണ്ട് പാഡൽ കോർട്ടുകൾ, ഒരു ഫുട്ബാൾ മൈതാനം എന്നിവയാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. റോഡ് 65ലെ രണ്ട് പ്രധാന ഇടങ്ങളാണ് രണ്ടാം ഘട്ടത്തിൽ വികസിപ്പിക്കുന്നത്. ഒന്നാമത്തെ പ്ലോട്ട് 50,866 ചതുരശ്ര മീറ്റർ വിസ്തീർണത്തിലും രണ്ടാമത്തേത് 51,741 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുമാണ്. കടൽതീരത്തെ നടപ്പാത, സൈക്കിൾ പാത, വിശ്രമകേന്ദ്രം, പച്ചപ്പ് നിറഞ്ഞ പാർക്കുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ഔട്ട്ഡോർ ഫിറ്റ്നസ് ഉപകരണങ്ങൾ, സർവിസ് ബിൽഡിങ്ങുകൾ എന്നീ സൗകര്യങ്ങൾ പുതിയ തീരദേശ വികസനത്തിൽ ഉണ്ടാകും
പദ്ധതിയുടെ പ്രാഥമിക രൂപരേഖ പൂർത്തിയായിക്കഴിഞ്ഞു. ഈ തീരദേശ വികസന പദ്ധതികൾ പൊതുജനങ്ങൾക്ക് വിനോദത്തിനും വ്യായാമത്തിനും ഉതകുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്ത മാതൃകയിൽ ഇത് നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി മന്ത്രാലയം ഏകോപനം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

