സേവനങ്ങൾ വിരൽത്തുമ്പിൽ ലഭിക്കാൻ ഇ-കീ
text_fieldsഎല്ലാ ഇടപാടുകളും സേവനങ്ങളും ഓൺലൈനിലായിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. ഓഫിസുകളിൽ നേരിട്ട് പോകാതെതന്നെ ഒട്ടുമിക്ക സേവനങ്ങളും വിരൽത്തുമ്പിൽ ലഭിക്കാൻ ഇപ്പോൾ സൗകര്യമുണ്ട്.
ബഹ്റൈനിലും സർക്കാർ സേവനങ്ങളും ഇടപാടുകളും അതിവേഗം ഓൺലൈനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷിതമായ ഓൺലൈൻ ഇടപാടുകൾക്ക് ബഹ്റൈൻ സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സംവിധാനമാണ് ഇലക്ട്രോണിക് കീ അഥവാ ഇ-കീ. സർക്കാർ സംബന്ധമായ മിക്ക ഇടപാടുകൾക്കും ഇപ്പോൾ ഇ-കീ ആവശ്യമാണ്. കൂടുതൽ സേവനങ്ങൾ ഇതിന്റെ പരിധിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
സ്റ്റാൻഡേഡ് ഇ-കീ, അഡ്വാൻസ്ഡ് ഇ-കീ എന്നിങ്ങനെ രണ്ടു തരത്തിലുള്ള ഇലക്ട്രോണിക് കീയാണുള്ളത്. സ്റ്റാൻഡേഡ് ഇ-കീ ഉപയോഗിച്ച് സാധാരണ രീതിയിലുള്ള ഇടപാടുകൾ നടത്താൻ കഴിയും. വ്യക്തികൾക്ക് ഓൺലൈനിൽനിന്നുതന്നെ സ്റ്റാൻഡേഡ് ഇ-കീ സമ്പാദിക്കാവുന്നതാണ്. വലിയ രീതിയിലുള്ള ഇടപാടുകൾക്കും സേവനങ്ങൾക്കുമാണ് അഡ്വാൻസ്ഡ് ഇ-കീ ആവശ്യമുള്ളത്.
ഫിനാൻഷ്യൽ ഹാർബറിലെ വെസ്റ്റ് ടവറിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയത്തിലെ സിജിലാത്ത് വിഭാഗത്തിൽ വിരലടയാളം നൽകിയാണ് അഡ്വാൻസ്ഡ് ഇ-കീ എടുക്കുന്നത്. കമ്പനി രൂപവത്കരണം ഉൾപ്പെടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നുതന്നെ ചെയ്യാൻ ഇതുവഴി സാധിക്കും. നാട്ടിലാണെങ്കിൽപോലും ഇ-കീ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കും.
പുതിയ പാർട്ണറെ ചേർക്കൽ, നിലവിലുള്ള പാർട്ണറെ മാറ്റൽ എന്നിവയും ഓൺലൈനിൽതന്നെ ചെയ്യാൻ കഴിയും. കമ്പനി രൂപവത്കരണം തുടങ്ങിയ വിഷയങ്ങളിൽ 90 ശതമാനം കാര്യങ്ങളും നാട്ടിൽനിന്ന് തന്നെ പൂർത്തീകരിക്കാം. ഇലക്ട്രിസിറ്റി, കുടിവെള്ളം തുടങ്ങിയ കാര്യങ്ങൾക്കും ഇ-കീ ഉപയോഗിക്കാം.
ഒരു ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, കാലാവധി കഴിയാത്ത സി.പി.ആർ നമ്പർ എന്നിവയാണ് ഇ-കീ എടുക്കാൻ ആവശ്യമുള്ളത്. യൂസർ ഐഡി ആയി ലഭിക്കുന്നത് സി.പി.ആർ നമ്പർ തന്നെയായിരിക്കും. നാട്ടിൽ അവധിക്കു പോകുന്നവർ നിർബന്ധമായും ഇ-കീ സമ്പാദിക്കാൻ ശ്രദ്ധിക്കണം. ബഹ്റൈനിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ഇ-കീ ആവശ്യമാണ്.
(തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
