മയക്കുമരുന്ന് ഒളിപ്പിച്ചുവിൽപന; പ്രതിയുടെ അപ്പീൽ കോടതി തള്ളി, 10 വർഷം തടവും നാടുകടത്തലും
text_fieldsമനാമ: സെമിത്തേരിയിലെ ബോർഡിന് പിന്നിൽ മയക്കുമരുന്ന് ഒളിപ്പിച്ചു വിൽപന നടത്തിവന്ന വിദേശിക്ക് ഹൈക്കോടതി വിധിച്ച 10 വർഷം തടവ് ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ഐക്കറിലെ ശൈഖ് സഹ്ലാൻ ഖബർസ്ഥാൻ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന 31കാരനായ പാകിസ്ഥാൻ സ്വദേശിയുടെ അപ്പീലാണ് കോടതി തള്ളിയത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും 5,000 ദിനാർ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
സെമിത്തേരിയുടെ മതിൽക്കെട്ടിന് പുറത്തുള്ള പരസ്യബോർഡുകൾക്ക് പിന്നിലും നിർമ്മാണത്തിലിരിക്കുന്ന പള്ളിയുടെ പരിസരത്തുമാണ് പ്രതി ഹഷീഷ് ഒളിപ്പിച്ചു വെച്ചിരുന്നത്. ഉപഭോക്താക്കൾക്ക് ലൊക്കേഷൻ അയച്ചുകൊടുത്ത് പണം കൈപ്പറ്റുന്ന ‘ഡെഡ് ഡ്രോപ്പ്’ രീതിയായിരുന്നു ഇയാൾ പിന്തുടർന്നിരുന്നത്.
കഴിഞ്ഞ ആഗസ്റ്റിൽ പ്രതി സെമിത്തേരി പരിസരത്ത് സംശയാസ്പദമായ രീതിയിൽ പാക്കറ്റുകൾ ഒളിപ്പിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഗ്രാമവാസികൾ ഇയാളെ ചോദ്യം ചെയ്യുകയും പിന്തുടരുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അന്ന് കാർ ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ കിങ് ഫഹദ് കോസ്വേ വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പരിശോധനക്കിടെ പോലീസ് നായ ഇയാളുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.
മയക്കുമരുന്ന് വിൽപനകും വ്യക്തിപരമായ ഉപയോഗത്തിനുമായി കൈവശം വെച്ചതിനാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ഖബർസ്ഥാൻ പരിസരത്തെ വെളിച്ചക്കുറവ് മുതലെടുത്താണ് ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്ന് പ്രദേശം സന്ദർശിച്ച എം.പി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

