തയ്യൽക്കടയുടെ മറവിൽ ലഹരിവിൽപ്പന; ഏഷ്യൻ വംശജനായ തയ്യൽക്കാരൻ ബഹ്റൈനിൽ പിടിയിൽ
text_fieldsമനാമ: തയ്യൽക്കടയുടെ മറവിൽ ലഹരിവിൽപ്പന നടത്തിയ ഏഷ്യൻ വംശജനായ തയ്യൽക്കാരൻ ബഹ്റൈനിൽ പിടിയിൽ. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സമർഥമായ നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലായത്. വൻതോതിൽ ലഹരിമരുന്ന് കടത്തിയതിനും, വിൽപ്പന നടത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്ഥിരമായി ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്യുന്ന ഒരു പ്രദേശത്ത് വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ ഒളിപ്പിക്കാൻ ശ്രമിച്ച കവറിനുള്ളിൽ ലഹരിയെന്ന് സംശയിക്കുന്ന 41.70 ഗ്രാം വരുന്ന ദ്രാവക രൂപത്തിലുള്ള വസ്തു കണ്ടെടുത്തു. തുടർന്ന് നടത്തിയ വ്യക്തിഗത പരിശോധനയിൽ 29 ചെറിയ കുപ്പികളിലായി 413.52 ഗ്രാം ലഹരിദ്രാവകം അടങ്ങിയ ഒരു ബാഗും ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു.
പ്രത്യേക രീതിയിൽ ലഹരിവസ്തുക്കൾ ഒളിപ്പിച്ചു കൈമാറുന്ന ‘ഡെഡ് ഡ്രോപ്പ്’ രീതിയിലൂടെ ഒരു പ്രദേശത്ത് വ്യാപകമായി ലഹരിവ്യാപാരം നടക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ നിരീക്ഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. രാജ്യത്തേക്ക് ലഹരിമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കടത്തി വിൽപന നടത്തുന്ന ഒരു സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വൻതോതിൽ ലഹരിവസ്തുക്കൾ ഏറ്റെടുത്ത് സൂക്ഷിക്കുന്നതും, അവ ചെറിയ പാക്കറ്റുകളാക്കി വിതരണം ചെയ്യുന്നതുമാണ് ഇയാളുടെ ചുമതല. ഇതിനായി ഇയാൾക്ക് വലിയ തുക പ്രതിഫലമായി ലഭിച്ചിരുന്നു. പ്രോസിക്യൂഷൻ ചോദ്യം ചെയ്യലിൽ താൻ ലഹരിവസ്തുക്കൾ കൈപ്പറ്റി മറ്റൊരാൾക്ക് കൈമാറിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

