മയക്കുമരുന്ന് കൈവശം വെക്കൽ: രണ്ട് കേസുകളിലായി എട്ടുപേർ പിടിയിൽ
text_fieldsമനാമ: മയക്കുമരുന്ന് കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലായി എട്ട് ഏഷ്യൻ വംശജർ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറിന് കീഴിലെ ആൻറിനാർകോട്ടിക് വിഭാഗം അറിയിച്ചു. ഇവരിൽ നിന്ന് 64,500 ദീനാർ വില വരുന്ന മയക്കുമരുന്നുകൾ കണ്ടെടുത്തു.
മയക്കുമരുന്ന് വിപണനം നടത്താനുദ്ദേശിച്ച് കൈവശംവെച്ച വിവരം കിട്ടിയ ഉടൻ അന്വേഷണം നടത്തുകയും പ്രതികളെ വലയിലാക്കുകയുമായിരുന്നു. ഒന്നാമത്തെ കേസിൽ 27നും 38നും ഇടയിൽ പ്രായമുള്ള നാലു പ്രതികളാണ് പിടിയിലായത്. ഇവരിൽനിന്നും 2500 ദീനാർ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാമത്തെ കേസിൽ 32 നും 37 നും ഇടയിൽ പ്രായമുള്ള നാലു പേരാണ് പിടിയിലായത്. ഇവരിൽനിന്നും 62,000 ദീനാർ വിലവരുന്ന മയക്കുമരുന്നും പിടിച്ചെടുത്തു. പ്രതികളെ നിയമ നടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്.

