രാജ്യത്ത് വൻ ലഹരിവേട്ട
text_fields11 കിലോയിലധികം ലഹരി മരുന്നുമായി പിടിയിലായ ഏഷ്യൻ പ്രവാസി
മനാമ: 11 കിലോയിലധികം ലഹരി മരുന്ന് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ബഹ്റൈൻ അധികൃതർ പരാജയപ്പെടുത്തി. 20 വയസ്സുള്ള ഏഷ്യൻ പ്രവാസിയെയാണ് 64,000 ബഹ്റൈൻ ദിനാർ വിലമതിക്കുന്ന ലഹരിമരുന്നുമായി അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗവും എയർപോർട്ട് കസ്റ്റംസ് ഡയറക്ടറേറ്റുകളും നടത്തിയ സംയുക്ത ഓപറേഷനിലാണ് വൻ ലഹരിമരുന്ന് വേട്ടയെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ലഹരിവേട്ട. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഏകദേശം 1.156 കിലോ സിന്തറ്റിക് കഞ്ചാവ് അടങ്ങിയ തപാൽ പാഴ്സൽ പിടിച്ചെടുത്തതിന് പിറകെ നടത്തിയ അന്വേഷണത്തിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റിന് വിവരം കൈമാറിയതിനെതുടർന്ന് പാർസലിന്റെ ഉടമസ്ഥനെ കണ്ടെത്താൻ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് 10 കിലോയിലധികം മയക്കുമരുന്ന് കൈവശം വെച്ച ഏഷ്യക്കാരനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. നിയമ നടപടിക്രമങ്ങൾ പൂർത്തിയായതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് സ്ഥിരീകരിച്ചു.
പൊതുജനങ്ങൾക്ക് വിവരം നൽകാം
മയക്കുമരുന്ന് ഉപയോഗത്തിനും കടത്തുന്നതിനും എതിരായ പോരാട്ടത്തിൽ പൊതുജനങ്ങളും പങ്ക് വഹിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. മയക്കുമരുന്നുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ ഹോട്ട്ലൈൻ (996), ഓപറേഷൻസ് റൂം (999) എന്നീ നമ്പറുകളിലോ 996@interior.gov.bh എന്ന ഇമെയിൽ വഴിയോ അധികൃതരെ അറിയിക്കാം. വിവരം നൽകുന്നത് രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

