ആതുര സേവനത്തിനിടയിലും കലയിൽ കൈയൊപ്പ് ചാർത്തി ഡോ. സിതാര ശ്രീധരൻ
text_fieldsഡോ. സിതാര ശ്രീധരൻ കുടുംബത്തോടൊപ്പം
മനാമ: ആതുര സേവനത്തിനിടയിലും ബഹ്റൈനിലെ കലാരംഗത്ത് കൈയൊപ്പ് ചാർത്തി ശ്രദ്ധേയയാവുകയാണ് ഡോ. സിതാര ശ്രീധരൻ. ബഹ്റൈൻ അൽഹിലാൽ ആശുപത്രിയിലെ സ്കിൻ സ്പെഷലിസ്റ്റാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ ഡോ. സിതാര. നൃത്തം, നാടകം, പെയിന്റിങ് തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങളിൽ മികവ് തെളിയിക്കാൻ സിതാരക്ക് കഴിഞ്ഞിട്ടുണ്ട്. ബഹ്റൈൻ കേരളീയ സമാജം നടത്തിയ കേരളോത്സവത്തിൽ പെൻസിൽ ഡ്രോയിങ്, സിനിമാറ്റിക് ഡാൻസ് എന്നിവയിൽ ഒന്നാം സ്ഥാനവും പെയിന്റിങ്, പോസ്റ്റർ മേക്കിങ്, ഇംഗ്ലീഷ് പ്രസംഗം എന്നിവയിൽ എ ഗ്രേഡും സിതാര കരസ്ഥമാക്കിയിരുന്നു. ബഹ്റൈനിലെ ഏതാനും നർത്തകിമാർ ചേർന്ന് തുടങ്ങിയ ‘നൂപുര’ ഡാൻസ് ഗ്രൂപ്പിലും സിതാര സജീവമാണ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന നോവൽ ആസ്പദമാക്കി ബഹ്റൈൻ കേരളീയ സമാജത്തിൽ അനീഷ് നിർമലൻ സംവിധാനം ചെയ്ത് അവതരിപ്പിച്ച നാടകത്തിൽ നാരായണിയെന്ന നായിക കഥാപാത്രമായി സിതാര അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ മറ്റു മൂന്ന് നാടകങ്ങളിലും സിതാര പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് സ്കൂളിൽനിന്ന് എസ്.എസ്.എൽ.സിയും തൃശൂർ സെന്റ് മേരീസ് കോളജിൽനിന്ന് പ്രീഡിഗ്രിയും പാസായ സിതാര കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നാണ് എം.ബി.ബി.എസ് കരസ്ഥമാക്കിയത്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽനിന്ന് ഡെർമിറ്റോളജിയിൽ പി.ജിയും നേടി.
സ്കൂൾ-കോളജ് പഠനകാലത്ത് വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നൃത്തം അവതരിപ്പിച്ചുതുടങ്ങിയ സിതാര എം.ടി. വാസുദേവൻ നായരുടെ ഭാര്യ കലാമണ്ഡലം സരസ്വതിയുടെ ശിക്ഷണത്തിന് കീഴിലാണ് ശാസ്ത്രീയ നൃത്തം അഭ്യസിച്ചത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. സംസ്ഥാന സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ ഫാബ്രിക് പെയിന്റിങ്ങിൽ സിതാര ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പല പ്രാവശ്യം സിതാര ഉൾപ്പെട്ട ടീമിന് ഗ്രൂപ് ഡാൻസിൽ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. കോഴിക്കോട് സർവകലാശാല ബി സോൺ കലോത്സവത്തിലും ഇന്റർസോൺ കലോത്സവത്തിലും പ്രശസ്ത നാടക സംവിധായകൻ മഞ്ജുളൻ സംവിധാനം ചെയ്ത ‘ചോരണ കൂര’ എന്ന നാടകത്തിലെ അഭിനയത്തിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോഴിക്കോട് ബാലുശ്ശേരിയിലെ റിട്ട. അധ്യാപകൻ ശ്രീധരൻ മാസ്റ്ററുടെയും പേരാമ്പ്ര സി.കെ.ജി സ്മാരക ഗവ. കോളജ് അധ്യാപിക ലളിതയുടെയും മകളാണ് സിതാര. ഏഴ് വർഷമായി ബഹ്റൈനിൽ ജോലി ചെയ്യുന്നു. സിതാരയുടെ ഭർത്താവ് ഡോ. രൂപ് ചന്ദ് അൽ ഹിലാൽ ആശുപത്രിയിലെ ന്യൂറോളജിസ്റ്റാണ്. മക്കളായ മയൂഖയും പാർവണയും ബഹ്റൈൻ ഭാവൻസ് ഇന്ത്യൻ സ്കൂളിൽ പത്തിലും ആറിലും വിദ്യാർഥികൾ.
ഇരുവരും നൃത്തം പഠിക്കുന്നുമുണ്ട്. ഇരുവരുടെയും നൃത്ത അരങ്ങേറ്റം കഴിഞ്ഞ വർഷം ബഹ്റൈൻ കേരളീയ സമാജത്തിൽവെച്ച് നടത്തിയിരുന്നു. മക്കളുടെ അരങ്ങേറ്റ ചടങ്ങിനിടയിൽ സിതാര ഭരതനാട്യം അവതരിപ്പിച്ചത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
വേൾഡ് മലയാളി കൗൺസിലിന്റെ കീഴിലുള്ള ടോസ് മാസ്റ്റർ ക്ലബിന്റെ എക്സി. മെംബർ കൂടിയായ സിതാരയുടെ പ്രധാന ഹോബികൾ വായനയും എഴുത്തും സംഗീതവും ഗാർഡനിങ്ങുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

