ഡോ. ശൈഖ് ഖാലിദ് ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsകിങ് ഹമദ് ഗ്ലോബൽ സെൻറർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ് ചെയർമാൻ ഡോ. ശൈഖ്
ഖാലിദ് ബിൻ ഖലീഫ ആൽ ഖലീഫ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി
കൂടിക്കാഴ്ച നടത്തുന്നു
മനാമ: കിങ് ഹമദ് ഗ്ലോബൽ സെൻറർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ് ചെയർമാൻ ഡോ. ശൈഖ് ഖാലിദ് ബിൻ ഖലീഫ ആൽ ഖലീഫ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി.
സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം എന്നീ മേഖലകളിൽ സംയുക്ത പരിപാടികൾ, സെമിനാറുകൾ, എക്സിബിഷനുകൾ എന്നിവ സംഘടിപ്പിക്കുന്നതിനും ബഹ്റൈനിലെ ഹിന്ദു സമൂഹത്തിെൻറ ചരിത്രം പഠിക്കുന്നതിനും സെൻററും എംബസിയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ സഹകരണത്തെയും സൗഹൃദത്തെയും ഡോ. ശൈഖ് ഖാലിദ് ബിൻ ഖലീഫ ആൽ ഖലീഫ പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വളർച്ച കൈവരിക്കുകയാണെന്നും ഇക്കാര്യത്തിൽ ഇന്ത്യൻ അംബാസഡറുടെ സേവനം അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക, ആഗോള തലങ്ങളിൽ സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിെൻറയും മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു കിങ് ഹമദ് ഗ്ലോബൽ സെൻററിന് അംബാസഡർ നന്ദി അറിയിച്ചു. രണ്ട് സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിൽ അഭിമാനം കൊള്ളുന്നതായും വിവിധ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്താൻ താൽപര്യമുണ്ടെന്നും ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു.