Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോ. പി.വി. ചെറിയാൻ;...

ഡോ. പി.വി. ചെറിയാൻ; ജ്വലിക്കുന്ന ഓർമകളുമായി പ്രവാസി സംഘടനകൾ

text_fields
bookmark_border
ഡോ. പി.വി. ചെറിയാൻ; ജ്വലിക്കുന്ന ഓർമകളുമായി പ്രവാസി സംഘടനകൾ
cancel
camera_alt

ഡോ. പി.വി ചെറിയാൻ അവസാനമായി പങ്കെടുത്ത പൊതുപരിപാടികളിലൊന്ന് (ഫയൽ)

കെ.പി.എഫ് അനുശോചിച്ചു

മനാമ: പ്രശസ്ത ഡോക്ടറും സമർപ്പിത സാമൂഹിക പ്രവർത്തകനുമായിരുന്ന ഡോ. ചെറിയാന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അഗാധമായ ദുഃഖം രേഖപ്പെടുത്തി. വൈദ്യരംഗത്തും സാമൂഹിക സേവന രംഗത്തും അദ്ദേഹം കാഴ്ചവെച്ച നിസ്വാർത്ഥ സേവനവും മാനവിക മൂല്യങ്ങളും എന്നും സ്മരിക്കപ്പെടും. അനേകരുടെ ജീവിതത്തിൽ പ്രതീക്ഷയും കരുത്തുമായി മാറിയ അദ്ദേഹത്തിന്റെ വേർപാട് സമൂഹത്തിന് തീരാനഷ്ടമാണെന്ന് കെ.പി.എഫ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത് സോമൻ, രക്ഷാധികാരികളായ കെ. ടി. സലീം, ജമാൽ കുട്ടിക്കാട്ടിൽ, യു.കെ. ബാലൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ബഹ്റൈനിലെ പ്രവാസികളോടൊപ്പം

അനുശോചിച്ച് കെ.എം.സി.സി. ബഹ്റൈൻ

മനാമ: ബഹ്റൈനിലെ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആതുരസേവന രംഗത്തും നിറസാന്നിധ്യമായിരുന്ന ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ കെ.എം.സി.സി. ബഹ്റൈൻ അനുശോചിച്ചു. നാല് പതിറ്റാണ്ടിലേറെയായി ബഹ്റൈനിലെ ആതുരസേവന രംഗത്ത് സേവനമനുഷ്ഠിച്ചിരുന്ന ഡോ. ചെറിയാൻ കെ.എം.സി.സിയുമായി എന്നും ആത്മബന്ധം പുലർത്തിയ വ്യക്തിത്വമായിരുന്നുവെന്നും സംഘടനയുടെ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നതായും കെ.എം.സി.സി. ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കരയും ആക്ടിങ് ജനറൽ സെക്രട്ടറി സലീം തളങ്കരയും അനുശോചന സന്ദേശത്തിൽ പറഞ്ഞു. കെ.എം.സി.സിയുടെ രക്തദാന ക്യാമ്പുകൾ, ആരോഗ്യ സെമിനാറുകൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ അകമഴിഞ്ഞ പിന്തുണ നന്ദിയോടെ സ്മരിക്കുന്നതായും അവർ പറഞ്ഞു.

എസ്.എൻ.സി.എസ്

മനാമ: ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അനുശോചിച്ചു. ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി. എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ പരേതന് ആദരാഞ്ജലികൾ അർപ്പിച്ചു. ഈ വലിയ വേർപാടിൽ പ്രയാസപ്പെടുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയും പങ്കുചേരുന്നതായി പത്രക്കുറിപ്പിൽ അറിയിച്ചു.

ലൈറ്റ് ഓഫ് കൈൻഡ്നെസ്

മനാമ:ഡോ. ചെറിയാന്റെ നിര്യാണത്തിൽ ലൈറ്റ് ഓഫ് കൈൻഡ്നെസ് അനുശോചിച്ചു.

പ്രവാസി സമൂഹത്തിന്റെ തീരാനഷ്ടം- ബഹ്റൈൻ പ്രതിഭ

മനാമ: ഡോ. പി.വി. ചെറിയാന്റെ നിര്യാണം ബഹ്റൈൻ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് ബഹ്റൈൻ പ്രതിഭ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ചികിത്സാരംഗത്തിന് പുറമെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ബഹ്റൈൻ പ്രതിഭയുമായി ഡോ. ചെറിയാന് ദീർഘകാല ആത്മബന്ധമുണ്ടായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. പ്രതിഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പുകൾ, രക്തദാന ക്യാമ്പുകൾ, ആരോഗ്യ ബോധവത്കരണ സെമിനാറുകൾ ഉൾപ്പെടെ നിരവധി ജീവകാരുണ്യ-ആരോഗ്യ പരിപാടികളിൽ അദ്ദേഹം സജീവമായി സഹകരിക്കുകയും മാർഗനിർദേശവും പിന്തുണയും നൽകുകയും ചെയ്തിരുന്നു. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും മാനവിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം നൽകിയ സേവനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും ബഹ്റൈൻ പ്രതിഭ അറിയിച്ചു.

ഡോ. പി.വി. ചെറിയാന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷ്, പ്രസിഡന്റ് കെ.വി മഹേഷ് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ബഹ്റൈൻ കേരളീയ സമാജം

മനാമ: ഡോ. പി വി ചെറിയാന്റെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തി. നാലു പതിറ്റാണ്ടുകാലം ബഹ്‌റൈനിലെ പൊതുജീവിതത്തിൽ സജീവസാന്നിധ്യമായിരുന്ന ഡോ. ചെറിയാൻ പാവപ്പെട്ട നിരവധി രോഗികൾക്ക് ആശ്രയ കേന്ദ്രമായിരുന്നു. പ്രതിഫലേച്ഛകൂടാതെ സാമൂഹ്യസേവനം നടത്തി ബഹറിൻ പ്രവാസികളുടെ ഹൃദയത്തിൽ സ്ഥിര പ്രതിഷ്ഠ നേടിയ ഡോക്ടറുടെ വിയോഗം വലിയ നഷ്ടമാണെന്നും ഇന്ന് വൈകിട്ട് 08.30 ന് കാൻസർ കെയർ ഗ്രൂപ്പുമായി ചേർന്ന് സമാജത്തിൽ അനുശോചനയോഗം സംഘടിപ്പിക്കുമെന്നും സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ളയും ജന. സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കലും അറിയിച്ചു. ബഹ്‌റൈനിലെ മുഴുവൻ സംഘടനാപ്രതിനിധികൾ, പ്രവർത്തകർ, മെഡിക്കൽ രംഗത്തുള്ളവർ, സാമൂഹിക പ്രവർത്തകർ അനുശോചന യോഗത്തിൽ പങ്കെടുക്കണമെന്ന് കാൻസർ കെയർ ഗ്രൂപ് എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.

ബഹ്‌റൈൻ തൃശൂർ കുടുംബം

മനാമ: ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ ബഹ്‌റൈൻ തൃശൂർ കുടുംബം (ബി.ടി.കെ ) അനുശോചനം രേഖപ്പെടുത്തി. വൈദ്യ സേവനത്തിനപ്പുറം പ്രവാസി സമൂഹത്തിന്റെ പൊതുജീവിതത്തിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ബി.ടി. കെ. ഭാരവാഹികൾ അറിയിച്ചു.

പ്രവാസി വെൽഫെയർ

മനാമ : ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ പ്രിയങ്കരനും ജനകീയ ഡോക്ടറുമായിരുന്ന ഡോ. പി.വി. ചെറിയാന്റെ വിയോഗത്തിൽ പ്രവാസി വെൽഫെയർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പ്രസ്താവനയിൽ അറിയിച്ചു.

സൽമാനിയ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ സേവനകാലത്ത് 24 മണിക്കൂറും പ്രവാസികളുടെ കാരുണ്യഹസ്തമായി അദ്ദേഹം നിലകൊണ്ടു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എന്ന നിലയിൽ വിദ്യാഭ്യാസ രംഗത്തും വിവിധ സാമൂഹിക-ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ചും അദ്ദേഹം നൽകിയ സംഭാവനകൾ നിസ്വാർത്ഥതയുടെ മാതൃകയാണ്. വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രവാസി വെൽഫെയറിൻ്റെ അനുശോചനം അറിയിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു.

തീരാനഷ്ടം- നവകേരള

മനാമ: ഡോ. പി. വി ചെറിയാന്റെ നിര്യാണത്തിൽ ബഹ്‌റൈൻ നവകേരള കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ആരോഗ്യരംഗത്ത് നാലര പതിറ്റാണ്ട് നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച ഡോ. പി. വി ചെറിയാൻ, ചികിത്സാ രംഗത്തെ മികവിനൊപ്പം മനുഷ്യസ്നേഹവും കരുതലും കൊണ്ട് സമൂഹത്തിന്റെ ആദരവും വിശ്വാസവും നേടിയ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ബഹ്റൈനിലെ മലയാളി സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ബഹ്റൈൻ നവകേരള പ്രവർത്തകരും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നു പത്രകുറിപ്പിൽ പറഞ്ഞു.

സെവൻ ആർട്സ് കൾച്ചറൽ ഫോറം

മനാമ: ഡോ. പി. വി. ചെറിയാന്റെ വിയോഗം മലയാളികളെ സംബന്ധിച്ച് വേദന ഉളവാക്കുന്നതാണെന്ന് സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചന യോഗത്തിൽ അറിയിച്ചു. വിവിധ മേഖലകളിൽ അദ്ദേഹം നടത്തിയ സുത്യർഹ സേവനങ്ങൾ വിസ്മരിച്ചു കൂടാനാവാത്തതാണ്. സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ഒട്ടുമിക്ക പരിപാടികളിലും സജീവ സാന്നിധ്യമായിരുന്ന ഡോക്ടറുടെ വിയോഗത്തിൽ സെവൻ ആർട്സ് കൾച്ചർ ഫോറത്തിന്റെ ആദരാഞ്ജലികൾ അറിയിക്കുന്നു.

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ

​മനാമ: ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ നിർവാഹക സമിതി അനുശോചനം രേഖപ്പെടുത്തി. ജനകീയനായ ഒരു ഡോക്ടർ എന്നതിലുപരി, മലയാളി സമൂഹത്തിന് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് മലയാളി പ്രവാസികൾക്ക് നികത്താനാവാത്ത തീരാനഷ്ടമാണെന്ന് എം.ജെ.പി.എ വിലയിരുത്തി. അസോസിയേഷൻ മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ, ദിലീപ് പനീയങ്കര തുടങ്ങിയവർ അനുശോചനം അറിയിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ

മനാമ: ഡോ.പി.വി ചെറിയാന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബഹ്‌റൈനിലെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ സേവനവും, ബഹ്‌റൈന്‍ ഭരണാധികാരികളുമായിട്ടുള്ള അദ്ധേഹത്തിന്റെ ശക്തമായ ബന്ധവും സാമൂഹിക സേവനത്തിനായി ഉപയോഗിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന്‍റെ ആരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. അസോസിയേഷൻ സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളിലും മെഡിക്കൽ ക്യാമ്പുകളിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യം സംഘടനയ്ക്ക് വലിയ പ്രചോദനമായിരുന്നു. സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിനുമായി നിരവധി നിർദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകിയിരുന്നു. അദ്ദേഹത്തിന്റെ സേവന മനോഭാവവും സംഘടനയോടുള്ള ആത്മാർത്ഥമായ പിന്തുണയും എന്നും സ്മരിക്കപ്പെടുമെന്ന് സെക്രട്ടേറിയറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇടപ്പാളയം ബഹ്‌റൈൻ

മനാമ: ഡോ. പി. വർഗീസ് ചെറിയാന്റെ നിര്യാണത്തിൽ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

നാല് പതിറ്റാണ്ടിലേറെ നീണ്ട ബഹ്‌റൈൻ സർക്കാർ ആരോഗ്യ സേവനത്തിലൂടെയും, നിസ്വാർത്ഥമായ ജീവകാരുണ്യ-സാമൂഹിക ഇടപെടലുകളിലൂടെയും പ്രവാസി സമൂഹത്തിന്റെ ഹൃദയത്തിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ വളർച്ചയിലും ഉന്നമനത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും.

പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം, പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ പേരിൽ അനുശോചനം അറിയിക്കുന്നു.

മൈത്രി ബഹ്റൈൻ

മനാമ: ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ മൈത്രി ബഹ്റൈൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പ്രഗത്ഭനായ ഡോക്ടർ എന്നതിലുപരി, അനേകം പ്രവാസികളുടെ ജീവിതത്തിൽ പ്രതീക്ഷയും കരുതലും പകർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. നിസ്വാർത്ഥ സേവനവും മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തെ പ്രവാസി സമൂഹത്തിന്റെ ആദരവും സ്നേഹവും നേടിയ വ്യക്തിയാക്കി. വേർപാടിന്റെ വേദനയിൽ കഴിയുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുഴുവൻ പ്രവാസി സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും, പരേതാത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് മൈത്രി ബഹ്റൈൻ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

പടവ് കുടുംബവേദി ബഹ്റൈൻ

മനാമ: ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ പടവ് കുടുംബവേദി ബഹ്റൈൻ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.

വൈദ്യരംഗത്തെ സേവനത്തിനൊപ്പം സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം അനേകം പ്രവാസികളുടെ ജീവിതത്തിൽ സഹായഹസ്തമായി നിലകൊണ്ട വ്യക്തിയായിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ജീവിതശൈലിയും അദ്ദേഹത്തെ എല്ലാവരുടെയും പ്രിയങ്കരനാക്കി. ഡോ. ചെറിയാന്റെ വിയോഗം പ്രവാസി സമൂഹത്തിന് വലിയ നഷ്ടമാണെന്നും, അദ്ദേഹത്തിന്റെ സേവനങ്ങളും സമൂഹത്തിന് നൽകിയ സംഭാവനകളും എന്നും സ്മരിക്കപ്പെടുമെന്നും പടവ് കുടുംബവേദി ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.

ബി.കെ.എസ്.എഫ്

മനാമ: ബഹ്‌റൈനിലെ ഏറ്റവും ആദരണീയരായ ഇന്ത്യൻ ഡോക്ടർമാരിൽ ഒരാളായ ഡോ. പി.വി. ചെറിയാന്‍റെ വിയോഗം ബഹ്‌റൈൻ ജനതക്ക് തീരാനഷ്ടമാണെന്ന് അനുശോചന കുറിപ്പിൽ ബി.കെ.എസ്.എഫ് അറിയിച്ചു. ആരോഗ്യരംഗത്തും സാമൂഹിക സേവനരംഗത്തും നാല് പതിറ്റാണ്ടിലേറെക്കാലമായി അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. കാൻസർ കെയർ ഗ്രൂപ്, ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി, വേൾഡ് മലയാളി കൗൺസിൽ എന്നിവയുൾപ്പെടെ നിരവധി സംഘടനകളിൽ നേതൃത്വം വഹിച്ചു.

അദ്ദേഹത്തിന് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സ്വദേശികൾക്കും വിദേശികൾക്കും അത്താണിയാവാൻ കഴിഞ്ഞിട്ടുണ്ടെന്നും അനുശോചന കുറിപ്പിൽ ബി.കെ.എസ്.എഫ് ഭാരവാഹികൾ അറിയിച്ചു.

ഐ.വൈ.സി.സി ബഹ്റൈൻ

മനാമ: ഡോ. പി. വി ചെറിയാന്റെ നിര്യാണത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. ഐ.വൈ.സി.സി ബഹ്റൈന്റെ വിവിധ ജീവകാരുണ്യ, ആരോഗ്യപരിപാടികൾക്കും മെഡിക്കൽ ക്യാമ്പുകൾക്കും സമൂഹസേവന പ്രവർത്തനങ്ങൾക്കും വിലപ്പെട്ട പിന്തുണയും ഉപദേശവും നൽകിയിരുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ പ്രോത്സാഹനവും സഹകരണവും എന്നും നന്ദിയോടെ സ്മരിക്കപ്പെടുന്നതാണന്നും, അദ്ദേഹത്തിന്റെ നിര്യാണം ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിനും വൈദ്യരംഗത്തിനും തീരാനഷ്ടമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം, കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

ഐ.സി.എഫ് ബഹ്റൈൻ

മനാമ: ബഹ്റൈൻ സാമൂഹ്യ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന ഡോ. വർഗീസ് ചെറിയാന്റെ നിര്യാണത്തിൽ ഐ.സി.എഫ് ബഹ്റൈൻ അനുശോചിച്ചു. ബഹ്റൈനിലെ ആതുര സേവന രംഗത്തും മറ്റും വ്യക്തി മുദ പതിപ്പിച്ച അദ്ദേഹം സേവന രംഗത്ത് ആത്മാർത്ഥതയുടെ പര്യായമായിരുന്നുവെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

അനുശോചിച്ച് ഫ്രൻഡ്‌സ് അസോസിയേഷൻ

മനാമ: നാല് പതിറ്റാണ്ടിലേറെ ബഹ്റൈനിലെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന പ്രമുഖ മലയാളി ഭിഷഗ്വരൻ ഡോ. പി. വി ചെറിയാന്റെ നിര്യാണത്തിൽ ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈൻ പ്രവാസികൾക്കിടയിൽ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.

ആതുരസേവനത്തിനൊപ്പം പ്രവാസികളുടെ ക്ഷേമത്തിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി അദ്ദേഹം അഹോരാത്രം പ്രയത്നിച്ചു. ക്യാൻസർ കെയർ ഗ്രൂപ്പിന്റെ പ്രസിഡന്റ് എന്ന നിലയിൽ ക്യാൻസർ രോഗികൾക്കായുള്ള സഹായ പദ്ധതികൾക്കും ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്കും മെഡിക്കൽ ക്യാമ്പുകൾക്കും അദ്ദേഹം നേതൃത്വം നൽകി. 2024-ൽ ബഹ്റൈൻ പ്രവാസത്തിന്റെ 45 വർഷം പൂർത്തിയാക്കിയ വേളയിൽ രാജ്യത്തെ വിവിധ സംഘടനകൾ അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷന് കീഴിൽ നടത്തിയ വിവിധ മെഡിക്കൽ ക്യാമ്പുകളിലും അനുബന്ധ സേവന പ്രവർത്തനങ്ങളിലും ഡോ. ചെറിയാൻ നൽകിയ സംഭാവനകൾ നിസ്തുലമായിരുന്നു. പരേതന്റെ വിയോഗത്തിൽ പ്രയാസമനുഭവിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ഫ്രൻഡ്‌സ് അസോസിയേഷൻ ഇറക്കിയ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

വിയോഗം പ്രവാസി സമൂഹത്തിന് വലിയ നഷ്ടം - രാജു കല്ലുംപുറം

മനാമ : ഡോക്ടർ. പി വി ചെറിയാന്റെ വിയോഗം ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് വലിയ നഷ്ടം ആണെന്ന് ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം അനുസ്മരിച്ചു. നാൽപത്തിയാറു വർഷത്തെ ബഹ്‌റൈൻ പ്രവാസി ജീവിതം കൊണ്ട് ആയിരകണക്കിന് പ്രവാസികൾക്ക് അത്താണി ആകുവാൻ ഡോക്ടർക്ക്‌ സാധിച്ചു. പ്രസികൾക്ക് മികച്ച ചികിത്സ ലഭ്യമാകാതെ ഇരുന്ന കാലത്ത്, അദ്ദേഹത്തെ സന്ദർശിച്ചു വിവരം പറഞ്ഞാൽ തന്റെ പരിധിയിൽ നിന്ന് ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കാൻ ഡോക്ടർ ചെറിയാൻ ശ്രദ്ധിച്ചിരുന്നു എന്നും രാജു കല്ലുംപുറം അനുസ്മരിച്ചു.

പ്രവാസി സമൂഹത്തിന് വലിയ സംഭാവന നൽകിയ വ്യക്തി - ബിനു കുന്നന്താനം

മനാമ : ഡോക്ടർ പി.വി ചെറിയാന്റെ വിയോഗം ബഹ്‌റൈനിലെ സ്വദേശികൾക്കും, പ്രവാസികൾക്കും തീരാ നഷ്ടമാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം അനുസ്മരിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടും, ഭാഷ വശമില്ലാത്തത് കൊണ്ടും മികച്ച ചികിത്സ ലഭ്യമാകാതെ ഇരുന്നപ്രവാസി സമൂഹത്തിന് ഡോക്ടർ ചെറിയാന്റെ ഇടപെടൽ കൊണ്ട് മികച്ചചികിത്സ ഉറപ്പാക്കാൻ ഡോക്ടർ ചെറിയാന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ സ്കൂൾ ചെയർമാൻ, സി.സി.ഐ.എ ചെയർമാൻ, ക്യാൻസർ കെയർ ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച ഡോക്ടർ ചെറിയാൻ എല്ലാ ആളുകളോടും സ്നേഹപൂർണമായ സൗഹൃദം കാത്തുപുലർത്തിയ വ്യക്തി ആയിരുന്നു എന്നും ബിനു കുന്നന്താനം അനുസ്മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriateMemoriesOrganizationsDr. P.V. Cherian
News Summary - Dr. P.V. Cherian; Expatriate organizations with burning memories
Next Story