Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോ. പി.വി ചെറിയാന്...

ഡോ. പി.വി ചെറിയാന് അനുശോചനം തുടർന്ന് പ്രവാസികൾ

text_fields
bookmark_border
ഡോ. പി.വി ചെറിയാന് അനുശോചനം തുടർന്ന് പ്രവാസികൾ
cancel

ആതുര സേവനത്തിന്റെ കാരുണ്യ സ്പർശം - തണൽ

മനാമ: നാലരപ്പതിറ്റാണ്ട് നീണ്ട ആതുര സേവന ചരിത്രത്തിൽ മാനവ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഏടുകൾ ബാക്കിവെച്ചു കൊണ്ടാണ് ഡോ. ചെറിയാൻ എന്ന മനുഷ്യ സ്‌നേഹി കടന്ന് പോകുന്നതെന്ന് തണൽ ബഹ്‌റൈൻ ചാപ്റ്റർ അനുസ്മരിച്ചു. തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ജീവകരുണ്യ പ്രവർത്തനങ്ങളിൽ എന്നും സഹകരിച്ചിരുന്ന അദ്ദേഹത്തിന്റെ വേർപാട് പ്രവാസികളായ ഇന്ത്യക്കാർക്ക് വിശിഷ്യാ മലയാളികൾക്ക് ഒരു കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നും അനുസ്മരണത്തിൽ പറഞ്ഞു.

അനുശോചിച്ച് യൂത്ത് ഇന്ത്യ ബഹ്റൈൻ

മനാമ: ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ യൂത്ത് ഇന്ത്യ ബഹ്റൈൻ കമ്മറ്റി ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബഹ്റൈനിലെ ആരോഗ്യ മേഖലയ്ക്ക് അദ്ദേഹം നൽകിയ 45 വർഷത്തിലേറെ നീണ്ട വിലമതിക്കാനാവാത്ത സേവനങ്ങൾ രാജ്യം എക്കാലവും ഓർമ്മിക്കുന്നതാണ് . യൂത്ത് ഇന്ത്യയുമായി ഏറെ ഹൃദ്യമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. യൂത്ത് ഇന്ത്യ ബഹ്റൈനിൽ സംഘടിപ്പിച്ച വൻ വിജയമായിരുന്ന മെഡിക്കൽ ഫെയർ 1.0, 2.0 പതിപ്പുകളുടെ ചീഫ് പാട്രൺ ആയിരുന്നുകൊണ്ട് അദ്ദേഹം നൽകിയ സംഭാവനകളും മാർഗ്ഗനിർദ്ദേശങ്ങളും സംഘടനയെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ടതായിരുന്നു. സാധാരണക്കാരായ പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി യൂത്ത് ഇന്ത്യ നടത്തിയ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ നിർദേശങ്ങൾ എക്കാലവും ഓർക്കപ്പെടും. ഡോ. ചെറിയാന്റെ വിയോഗത്തിൽ പ്രയാസപ്പെടുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ യൂത്ത് ഇന്ത്യയും പങ്കുചേരുന്നതായി ഭാരവാഹികൾ അറിയിച്ചു.

ബഹ്‌റൈൻ മലയാളീ സെയിൽസ് ടീം

മനാമ: ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ ബഹ്‌റൈൻ മലയാളീ സെയിൽസ് ടീം അനുശോചനം രേഖപ്പെടുത്തി. സ്വദേശികൾക്കും, വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഡോക്ടർ ആയിരുന്നു ഡോ. പി വി ചെറിയാൻ. ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് സാധാരണക്കാരായ ജനങ്ങൾക്ക് നൽകിയ വിലമതിക്കാനാവാത്ത ആതുരസേവനങ്ങളിലൂടെയും സാംസ്‌കാരിക ഇടപെടലുകളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും, ഈ ദുഃഖത്തിൽ കുടുംബാംഗങ്ങളോടൊപ്പം പങ്കുചേരുന്നതായും ബി.എം.എസ്.ടി വാർത്താക്കുറിപ്പിൽ അറിയിച്ചു.

അനുശോചനവുമായി ഐ.സി.ആർ.എഫ്

മനാമ: ഡോ. പി. വി. ചെറിയാന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്താനായി ഐ.സി.ആർ.എഫ് ബഹ്‌റൈനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ബഹ്‌റൈനും സംയുക്തമായി ഓൺലൈൻ അനുശോചന യോഗം ചേർന്നു. കാരുണ്യവാനായ ഒരു ഡോക്ടർ എന്നതിലുപരി, സമൂഹത്തിന് വേണ്ടി സ്വയം സമർപ്പിച്ച മികച്ച സാമൂഹിക പ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് യോഗത്തിൽ പങ്കെടുത്തവർ ഓർമ്മിച്ചു.

നിരവധി സാധാരണക്കാരായ രോഗികൾക്ക് താങ്ങും തണലുമായിരുന്ന അദ്ദേഹം, പ്രവാസികൾക്കിടയിൽ ഏറെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ യോഗത്തിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ മൗനാചരണം നടത്തിയ അംഗങ്ങൾ, അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

അനുശോചനം രേഖപ്പെടുത്തി ബി.എം.സി

മനാമ: ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് ഏറെ പരിചിതനായ, ഏതൊരു പരിപാടിയുടെയും ഭാഗമാകാൻ സന്തോഷത്തോടെ ഓടിയെത്തുന്ന ഡോക്ടർ പി. വി. ചെറിയാന്‍െ വിയോഗം നികത്താനാകാത്ത ഒരു നഷ്ടമാണെന്ന് ബി.എം.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ബി.എം.സിയുടെ ഓണാഘോഷമായ ശ്രാവണ മഹോത്സവം 2022 ൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് പ്രവർത്തിച്ച സമയത്തയും ബി.എം.സിയുടെ ആദ്യ സിനിമയായ അനക്ക് എന്തിൻ്റെ കേടാ എന്നതിൽ ഒരു ശ്രദ്ധേയമായ കഥാപാത്രവും ചെയ്തിട്ടുമുള്ള അദ്ദേഹത്തിന്‍റെ ഓർമ്മകളും ഫ്രാൻസിസ് കൈതാരത്ത് പങ്കുവെച്ചു.

വോയ്‌സ് ഓഫ് ആലപ്പി

മനാമ: വോയ്‌സ് ഓഫ് ആലപ്പിയുടെ രക്ഷാധികാരിയും, കൂട്ടായ്മയുടെ രൂപീകരണത്തിലും വളർച്ചയിലും സുപ്രധാന പങ്ക് വഹിക്കുകയും ചെയ്ത ഡോ. പി.വി ചെറിയാന്റെ വിയോഗം വോയ്‌സ് ഓഫ് ആലപ്പിക്കും ബഹ്‌റൈൻ പ്രവാസി സമൂഹത്തിനും നികത്താനാവാത്ത വിടവാണെന്ന് വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു. ബഹ്‌റൈനിലെ ആരോഗ്യ -ജീവകാരുണ്യ -വിദ്യാഭ്യാസ -പൊതുപ്രവർത്തന മേഖലകളിൽ ദീർഘ കാലം നിസ്വാർത്ഥ സേവനം ചെയ്ത അദ്ദേഹം സ്വദേശികളും വിദേശികളും ഏറെ ബഹുമാനിക്കുന്ന വ്യക്തിത്വമായിരുന്നു. തന്റെ കഴിവും ആരോഗ്യവും ബന്ധങ്ങളുമൊക്കെ ഉപയോഗിച്ച് സാധാരണക്കാരെ സഹായിക്കാനും എപ്പോഴും സന്നദ്ധനും ഏറെ താൽപ്പര്യവനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

കായംകുളം പ്രവാസി കൂട്ടായ്മ

മനാമ: ഡോ. പി. വി. ചെറിയാൻ്റെ നിര്യാണത്തിൽ കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. ആരോഗ്യരംഗത്തും ജീവകാരുണ്യ മേഖലയിലും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് അനുശോചന സന്ദേശത്തിൽ ഭാരവാഹികൾ ഓർത്തു. കേവലം ആതുരസേവനത്തിനപ്പുറം, അടിയന്തര സാഹചര്യങ്ങളിൽ പ്രവാസികളുടെ ആവശ്യങ്ങളിൽ ജാതി-മത ഭേദമന്യേ എപ്പോഴും കൈത്താങ്ങായിരുന്ന ഡോ. ചെറിയാനെ ബഹ്റൈൻ മലയാളി സമൂഹം എന്നും ആദരവോടെയും സ്നേഹത്തോടെയും ഓർക്കും. അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന് വലിയൊരു നഷ്ടമാണെന്നും പരേതന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കായംകുളം പ്രവാസി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

കുടുംബ സൗഹൃദ വേദി

മനാമ: ഡോ. പി. വി. ചെറിയാൻ്റെ നിര്യാണത്തിൽ കുടുംബ സൗഹൃദ വേദി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് മലയാളികൾക്ക് എക്കാലവും ആശ്രയിക്കാവുന്ന ഉറ്റ സുഹൃത്തായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ ഭാരവാഹികൾ ഓർത്തു. ചികിത്സാരംഗത്തെ മികവിനൊപ്പം ജീവകാരുണ്യ മേഖലയിലും സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഡോ. ചെറിയാൻ. ബഹ്റൈനിലെ വിവിധ തലമുറകളിൽപ്പെട്ട മലയാളികൾ വലിയ സ്നേഹത്തോടും ആദരവോടും കൂടിയാണ് അദ്ദേഹത്തെ ഓർക്കുന്നത്. കുടുംബ സൗഹൃദ വേദിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും വലിയ പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകിയിരുന്ന ഡോ. പി. വി. ചെറിയാൻ്റെ വിയോഗം സംഘടനയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. പരേതനോടുള്ള ആദരസൂചകമായി അനുശോചന യോഗവും സംഘടിപ്പിച്ചു.

യു.പി.പി അനുശോചിച്ചു

മനാമ: ഡോ. പി.വി. ചെറിയാന്റെ വിയോഗത്തില്‍ യു.പി.പി അനുശോചന രേഖപ്പെടുത്തി. അതീവ ദുഃഖത്തോടെയാണ് യൂണൈറ്റഡ് പാരന്റ്സ് പാനൽ ഈ വാര്‍ത്ത ശ്രവിച്ചതെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. ആരോഗ്യരംഗത്തെ സേവനങ്ങൾക്കൊപ്പം വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുന്നതാണ്. ഇന്ത്യൻ സ്കൂളിന്റെ ചെയർമാനായിരുന്ന കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നിരവധി നവീന പദ്ധതികൾ നടപ്പിലാക്കി. ഇന്ന് സ്കൂളിന്റെ അഭിമാനമായി മാറിയ ഇന്ത്യൻ സ്കൂൾ ബാൻഡ് ടീമിന് രൂപം നൽകിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സഹായഹസ്തം നീട്ടിയ അദ്ദേഹം, അവർക്ക് വിദ്യാഭ്യാസം മുടങ്ങാതെ മുന്നോട്ടുപോകാൻ ആവശ്യമായ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തി. വിദ്യാഭ്യാസരംഗത്ത് അദ്ദേഹം കാഴ്ചവെച്ച കരുതലും നേതൃത്വവും ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് എന്നും പ്രചോദനമായിരിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ യു.പി.പി അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നതായും അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condolencesEmergency medical servicesExpatriatesDr. P.V. Cherian
News Summary - Dr. P.V. Cherian's condolences followed by expatriates
Next Story