ഡോ. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് പമ്പാവാസൻ നായർക്ക് സമ്മാനിച്ചു
text_fieldsപ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് പമ്പാവാസൻ
നായർക്ക് മുൻ എച്ച്.ആർ.ഡി. മന്ത്രി ഡോ. മുരളി മനോഹർ
ജോഷി കൈമാറുന്നു
മനാമ: സാമൂഹിക പ്രവർത്തന മേഖലയിൽ മികച്ച സേവനത്തിനും പ്രവാസലോകത്തെ മികച്ച സംഭാവനകൾക്കുമുള്ള ഡോ. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് പുരസ്കാരം അമദ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസൻ നായർക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ സമഗ്രവും മനുഷ്യത്വപരവുമായ പ്രവർത്തനങ്ങളെ മാനിച്ചാണ് ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ അദ്ദേഹത്തിന് ഈ ബഹുമതി നൽകി ആദരിച്ചത്. ന്യൂഡൽഹിയിലെ എൻ.ഡി.എം.സി കൺവെൻഷൻ സെന്ററിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ വെച്ച് 2025 മുൻ എച്ച്.ആർ.ഡി മന്ത്രി ഡോ. മുരളി മനോഹർ ജോഷിയാണ് അവാർഡ് സമ്മാനിച്ചത്. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി നിമുബെൻ ജെ. ബംഭാനിയ ചടങ്ങിൽ സന്നിഹിതയായിരുന്നു.
വീടില്ലാത്തവർക്ക് വീട്, കുട്ടികൾക്ക് വിദ്യാഭ്യാസം, ചികിത്സ സഹായം, വിവാഹ സഹായം എന്നിവ നൽകി നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന പമ്പാവാസൻ നായരുടെ നിസ്വാർഥ സേവനത്തിനും കാരുണ്യ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണിത്. ദുരിതമനുഭവിക്കുന്ന നൂറിൽ പരം കുടുംബങ്ങൾക്ക് അദ്ദേഹം തന്റെ സി.എം.എൻ ട്രസ്റ്റ് മുഖേന പ്രതിമാസ പെൻഷൻ നൽകിവരുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സ്ഥിരമായ ഭവനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2024 ആഗസ്റ്റിൽ ട്രസ്റ്റ് ആരംഭിച്ച ‘എ ഹോം ഓഫ് യുവർ ഓൺ’ ഭവന പദ്ധതി ശ്രദ്ധേയമാണ്. അഞ്ച് വർഷത്തിനുള്ളിൽ 50 വീടുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ 20 വീടുകളുടെ നിർമാണം പൂർത്തിയാക്കി അർഹരായവർക്ക് കൈമാറിക്കഴിഞ്ഞു.
പമ്പാവാസൻ നായരുടെ സമഗ്രവും അനുകമ്പയുമുള്ള പ്രവർത്തനങ്ങൾ സാമൂഹിക ഉന്നമനത്തോടുള്ള അദ്ദേഹത്തിന്റെ അഗാധമായ പ്രതിബദ്ധതയാണ് പ്രതിഫലിക്കുന്നതെന്ന് ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. ഡൽഹി ആസ്ഥാനമായുള്ള ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ അവാർഡ്, രാജ്യ നിർമാണത്തിന് ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നു. സാമൂഹിക സേവനം, കലയും സംസ്കാരവും, ശാസ്ത്രം, പത്രപ്രവർത്തനം, വൈദ്യശാസ്ത്രം എന്നീ അഞ്ച് പ്രധാന മേഖലകളിലാണ് ഈ പുരസ്കാരം നൽകുന്നത്. കൂടാതെ, വിദേശത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന ഇന്ത്യൻ പ്രവാസികൾക്കായി രണ്ട് പ്രത്യേക അവാർഡുകളും നൽകുന്നു. അർഹരായവർക്ക് ലക്ഷം രൂപ കാഷ് പ്രൈസും ഫലകവും പ്രശസ്തിപത്രവുമാണ് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

