സമാജത്തിൽ വിദ്യാരംഭം; ഡോ. ബി. സന്ധ്യ കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കും
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിലെ വിദ്യാരംഭം വിജയദശമി ദിനമായ ഒക്ടോബർ 24ന് രാവിലെ 5.30ന് ആരംഭിക്കുമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. മുൻ ഡി.ജി. പിയും എഴുത്തുകാരിയുമായ ഡോ. ബി. സന്ധ്യ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കാനായി നാട്ടിൽനിന്നും എത്തും. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ബി. സന്ധ്യ ഡി.ജി.പി തസ്തികയിലെത്തിയ രണ്ടാമത്തെ വനിതയാണ്. ഫയർഫോഴ്സ് മേധാവിയായിരിക്കെയാണ് സർവിസിൽനിന്നു വിരമിച്ചത്. രണ്ടു നോവലുകൾ ഉൾപ്പെടെ ഒമ്പതു സാഹിത്യകൃതികളുടെ രചയിതാവുകൂടിയാണ് ഇവർ.
2008ലെ പൊലീസ് ആക്ട് റിവ്യൂ കമ്മിറ്റി കൺവീനറും ജനമൈത്രി പൊലീസ് സംവിധാനത്തിന്റെ ഉപജ്ഞാതാവുമായ സന്ധ്യക്ക് അതിവിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ രണ്ടു തവണ ലഭിച്ചു. ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് വുമൺ പൊലീസിന്റെ വാർഷിക അവാർഡ്, മികച്ച ജില്ല പൊലീസ് അവാർഡ്, ഇടശ്ശേരി അവാർഡ് (നീലക്കൊടുവേലിയുടെ കാവൽക്കാരി), അബൂദബി ശക്തി അവാർഡ് (ആറ്റക്കിളിക്കുന്നിലെ അത്ഭുതങ്ങൾ-കുട്ടികളുടെ നോവൽ) തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വിദ്യാരംഭത്തിനു വേണ്ടിയുള്ള രജിസ്ട്രേഷൻ സമാജത്തിൽ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബിജു എം. സതീഷ് 36045442, രജിത അനി 38044694 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

