Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസികളെ പിഴിഞ്ഞ്...

പ്രവാസികളെ പിഴിഞ്ഞ് ‘ആകാശക്കൊള്ള'

text_fields
bookmark_border
പ്രവാസികളെ പിഴിഞ്ഞ് ‘ആകാശക്കൊള്ള
cancel

മനാമ: മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക ശമനമായെങ്കിലും ബഹ്‌റൈൻ പ്രവാസികളുടെ യാത്രാദുരിതം തുടരുന്നു. വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചെങ്കിലും, കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്യുന്നതായാണ് പരാതി.

ഗൾഫ് എയർ, എയർ അറേബ്യ, ഫ്ലൈ ദുബൈ തുടങ്ങിയ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെങ്കിലും കേരളത്തിലേക്കുള്ള നിരക്ക് സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്. ദുബൈ വഴി കൊച്ചിയിലേക്ക് നിലവിൽ 233 ദീനാറിന് മുകളിലാണ് ഈടാക്കുന്നത്.

ഏപ്രിൽ 20-ന് ശേഷമുള്ള ഷെഡ്യുളുകളിൽ ഇത് 300 ദീനാർ വരെ കാണിക്കുന്നുണ്ട്. അതേസമയം ചെന്നൈ, മുംബൈ അടക്കം ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്ക് 200 ദീനാറിന് താഴെ ടിക്കറ്റുകൾ ലഭ്യമാകുന്നുണ്ട്. ആവശ്യക്കാർ കൂടുതലുള്ള കേരള സെക്ടറിലെ തിരക്ക് മുതലെടുത്ത് എയർലൈനുകൾ നടത്തുന്ന ആകാശക്കൊള്ളയാണിതെന്നാണ് സാമൂഹിക പ്രവർത്തകരും പ്രവാസികളും ആരോപിക്കുന്നത്.

നേരത്തെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുത്ത യാത്രക്കാരെ ചില പ്രമുഖ വിമാനക്കമ്പനികൾ മനപ്പൂർവ്വം ബുദ്ധിമുട്ടിക്കുന്നതായും പരാതിയുണ്ട്. ഫ്ലൈറ്റുകൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്ക് റീഷെഡ്യൂൾ നൽകുന്നതിന് പകരം റീഫണ്ട് നൽകാനാണ് കമ്പനികൾ താൽപ്പര്യം കാണിക്കുന്നത്. ഇതുമൂലം കുറഞ്ഞ നിരക്കിൽ എടുത്ത ടിക്കറ്റ് റീഫണ്ട് വാങ്ങി, നിലവിലെ ഉയർന്ന നിരക്കിൽ പുതിയ ടിക്കറ്റ് എടുക്കാൻ യാത്രക്കാർ നിർബന്ധിതരാകുന്നു.

പ്രതിസന്ധിയിലായി ട്രാവൽ ഏജൻസികളും

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് പോലുള്ള കമ്പനികൾ സർവീസ് പുനരാരംഭിക്കാത്തത് ട്രാവൽ ഏജൻസികളെയും വെട്ടിലാക്കിയിട്ടുണ്ട്. നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാർ പലരും റീഫണ്ടിനായി അപേക്ഷിക്കുകയും ചിലർ ഷെഡ്യുൾ മറ്റൊരു ദിവസത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് നൽകേണ്ട റീഫണ്ട് തുക എയർലൈനുകളുടെ വാലറ്റിൽ (ടോപ് അപ് അക്കൗണ്ട്) കുടുങ്ങിക്കിടക്കുകയാണ്. ഇത് നിലവിൽ എ‍യർലൈൻ കമ്പനി പണമായി തിരികെ നൽകുന്നുമില്ല. പുതിയ ടിക്കറ്റുകൾ ബുക്ക് ചെയ്താലല്ലാതെ ഈ തുക പണമായി തിരികെ ലഭിക്കില്ല. അതിനാൽ യാത്രക്കാർക്ക് പണം നൽകാൻ ഏജൻസികൾക്കും കഴിയുന്നില്ല. എ‍യർലൈൻ കമ്പനി സർവീസ് പുനരാരംഭിക്കാത്തത് മൂലം ആ തുക ഈടാക്കാൻ ഒരു മാർഗവുമില്ലെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്.

ഇന്ത്യൻ എയർലൈനുകളുടെ ഇടപെടൽ അനിവാര്യം

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് പുനരാരംഭിച്ചാൽ മാത്രമേ ഈ നിരക്ക് വർദ്ധനയ്ക്ക് അറുതിയുണ്ടാവുകയുള്ളൂ. അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനുമതി ലഭിക്കാത്തതാണ് സർവീസുകൾ തുടങ്ങാൻ തടസ്സമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിക്കുന്നത്.

അനുമതി ലഭിച്ചാൽ സർവീസ് ആരംഭിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വിഷയത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും കേരളത്തിലെ ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.

സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടിലേക്ക് പോകാൻ കഴിയാതെ വലയുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് ഇന്ത്യൻ വിമാനങ്ങൾ എത്രയും വേഗം സർവീസ് ആരംഭിക്കുന്നത് വലിയ ആശ്വാസമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solutionTravel CrisisgulfBahrainreturns
News Summary - Double the cost to return to Kerala, air travel crisis with no solution
Next Story