ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള ഇരട്ടനികുതി ഒഴിവാക്കി
text_fieldsമനാമ: ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള ഇരട്ടനികുതി ഒഴിവാക്കുന്ന നിയമം അംഗീകരിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. 2025ലെ നിയമം (8) ന് അംഗീകാരം നൽകിയതോടെ ഇരു രാജ്യങ്ങളിലെയും വ്യാപാരികൾക്ക് ഒരു വരുമാനത്തിന് രണ്ടുതവണ നികുതി ചുമത്തുന്നത് ഇല്ലാതെയാകും. കൂടാതെ നികുതി വെട്ടിപ്പ് നടത്തുന്നതിൽ നിന്നും നികുതി ബാധ്യതകൾ കുറക്കുന്നതിനായി പഴുതുകൾ സ്വീകരിക്കുന്നതിൽനിന്നും നിക്ഷേപകരെ തടയിടാനാകും.
ഇരട്ട നികുതി ഒഴിവാക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരസ്പര നികുതി കരാറിനെ കഴിഞ്ഞ ജനുവരിയിൽ പാർലമെന്റും ഫെബ്രുവരിയിൽ ശൂറ കൗൺസിലും അംഗീകരിച്ചിരുന്നു. അതിനെ തുടർന്നാണ് ഹമദ് രാജാവ് അംഗീകാരം നൽകിയത്. നിയമവുമായി ബന്ധപ്പെട്ട കരാർ 2024 ഫെബ്രുവരി 11ന് ദുബൈയിൽ നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ ബഹ്റൈനിലും യു.എ.ഇയിലും ബിസിനസ് ചെയ്യുന്നവർ ഏതെങ്കിലും ഒരു രാജ്യത്ത് നികുതി അടച്ചാൽ മതിയാകും. 1200 ബഹ്റൈനി കമ്പനികളിലെ നിക്ഷേപമടക്കം പ്രതിവർഷം ഒരു ബില്യൺ ഡോളറിന്റെ കയറ്റുമതി, ഇറക്കുമതിയുൾപ്പെടെ യു.എ.ഇ രണ്ട് ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് പവിഴദ്വീപിൽ നടത്തുന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ പിറ്റേദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

