മടിക്കാതെ ചേരാം കേരള പ്രവാസി ക്ഷേമനിധിയിൽ, സുരക്ഷിതമാക്കാം ഭാവി
text_fieldsമനാമ: കേരള സർക്കാർ പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ഉന്നമനത്തിനും സംരക്ഷണത്തിനുമായി ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതിയായ കേരള പ്രവാസി ക്ഷേമനിധി വളരെയേറെ പ്രയോജനകരമാണ്. പ്രവാസി ക്ഷേമനിധി അടക്കുന്നതിൽ വീഴ്ചവരുത്തിയവർക്ക് ഏർപ്പെടുത്തിയ പിഴയിൽ ഇളവുവരുത്തിയ സാഹചര്യത്തിൽ അംശാദായ കുടിശ്ശികയുള്ളവർ എത്രയുംപെട്ടെന്ന് അത് അടച്ച് അംഗത്വം നിലനിർത്തണമെന്ന് പ്രവാസി സംഘടനകൾ അഭ്യർഥിക്കുന്നു.
പിഴയിൽ ഇളവുവരുത്തണമെന്ന് പ്രവാസി സംഘടനകൾ നാളുകളായി ശക്തമായി ആവശ്യപ്പെട്ടു വരുകയായിരുന്നു. കെ.എം.സി.സി, പ്രതിഭ, ഒ.ഐ.സി.സി, പ്രവാസി വെൽഫെയർ, പ്രവാസി ലീഗൽ സെൽ അടക്കം എല്ലാ സംഘടനകളും ഇതിനായി നിരവധി തവണ പ്രവാസി വെൽഫെയർ ബോർഡിനെ സമീപിച്ചിരുന്നു.
ലോക കേരളസഭയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. ക്ഷേമനിധിയിൽ ഓൺലൈനായി ചേരുന്നയാൾക്ക് ഡിജിറ്റൽ കാർഡ് ലഭിക്കാൻ രണ്ടുമാസത്തോളം താമസമുണ്ടാകുന്ന പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും പരിഹരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും ലോക കേരളസഭാംഗം സുബൈർ കണ്ണൂർ പറഞ്ഞു.
അംശാദായം എങ്ങനെ അടക്കാം
നാട്ടിലുള്ള പ്രവാസികൾ 200 രൂപയും വിദേശത്തുള്ളവർ 350 രൂപയും പ്രവാസി ക്ഷേമനിധിയിൽ മാസംതോറും അംശാദായം അടച്ചാൽ മതി. 60 വയസ്സിനുശേഷം പെൻഷനായി ലഭിക്കുന്നത് വിദേശത്തുള്ളവർക്ക് 3500 രൂപയും നാട്ടിലുള്ളവർക്ക് 3000 രൂപയുമാണ്. കുറഞ്ഞ വരുമാനമുള്ള പ്രവാസികളെയും ഇടത്തരം വരുമാനക്കാരെയും ലക്ഷ്യമാക്കി അവരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രവാസി ക്ഷേമനിധി രൂപവത്കരിച്ചിരിക്കുന്നത്.
അർഹരായ പരമാവധി കേരളീയർ ഇതിൽ അംഗങ്ങളായാൽ മാത്രമേ സർക്കാർ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാകൂ. പ്രവാസികൾക്ക് ഏറ്റവും പ്രയോജനപ്രദമായ പദ്ധതികൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഇനിയും നല്ലൊരു വിഭാഗം പ്രവാസികൾ ഇതിൽ അംഗങ്ങളല്ല. ഇതിന്റെ ഗുണങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മ, അംഗത്വം എടുക്കാനുള്ള മടി, അല്ലെങ്കിൽ അതിനുള്ള സൗകര്യമില്ലായ്മ എന്നീ പല കാരണങ്ങൾ കൊണ്ടാകാം.
അംഗങ്ങളാകാത്തവർക്കും അതുപോലെ അംഗങ്ങളായിട്ടുള്ള പലർക്കും ക്ഷേമനിധിയുടെ ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് അറിയില്ലയെന്നതാണ് വാസ്തവം. അതുപോലെ ആനുകൂല്യങ്ങളിൽ ചിലതു പെൻഷൻ കിട്ടി തുടങ്ങിയവർക്കും ചിലതു പെൻഷൻ കിട്ടാത്തവർക്കും വേണ്ടിയുള്ളതാണ്.
പെൻഷൻ കിട്ടാൻ സാധാരണ 60 വയസ്സുവരെ കാത്തിരിക്കണമെങ്കിലും മിക്ക ആനുകൂല്യങ്ങളും കിട്ടാൻ അതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് ആർക്കെല്ലാം എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നത് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ പദ്ധതിയുടെ ആനുകൂല്യങ്ങളെപ്പറ്റിയുള്ള ധാരണക്കുറവുകൊണ്ട് പലപ്പോഴും മുഴുവനായും പദ്ധതിയുടെ ആനുകൂല്യങ്ങൾ അംഗത്തിനോ അംഗത്തിന്റെ മരണ ശേഷം ആശ്രിതർക്കോ ലഭ്യമാകാറില്ല.
• പ്രധാനമായും മൂന്നു വിഭാഗത്തിലുള്ള കേരളീയർക്കാണ് കേരള പ്രവാസി വെൽഫെയർ ബോർഡിൽ അംഗങ്ങളാകാൻ സാധിക്കുക. (പ്രായം 18 മുതൽ 60 വരെ)
1. നിലവിൽ വിദേശത്തു ജോലി ചെയ്യുന്നവർ (1എ വിഭാഗം)
2. കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തിട്ട് കേരളത്തിൽ സ്ഥിര താമസമാക്കിയവർ
(1 ബി വിഭാഗം)
3. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ആറുമാസമായി സ്ഥിര താമസമാക്കിയവർ (2എ വിഭാഗം).
രജിസ്ട്രേഷൻ, വരിസംഖ്യ, മറ്റു നടപടിക്രമങ്ങൾ
ഉദ്യോഗം, വ്യാപാരം തുടങ്ങിയ കാര്യങ്ങൾക്കായി തുടർച്ചയായി കുറഞ്ഞത് ആറുമാസമെങ്കിലും വിദേശത്തോ മറ്റേതെങ്കിലും സംസ്ഥാനത്ത് താമസിച്ചുവരുന്ന 18 വയസ്സു മുതൽ 59 വയസ്സു വരെയുള്ളവർക്ക് ക്ഷേമനിധിയിൽ അംഗമാകാം. ഓൺലൈൻ മുഖേന രജിസ്ട്രേഷനും അംശാദായം അടക്കുന്നതിനും സൗകര്യമുണ്ട്.
200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതോടെ തിരിച്ചറിയൽ കാർഡ് ലഭിക്കും. ഇതോടെ അംഗത്വ നടപടികൾ പൂർത്തിയാകും. നിശ്ചിത ഫോറത്തിൽ ജനന തീയതി, മേൽവിലാസം പാസ്പോർട്ട് / വിസ കോപ്പി, മറ്റു രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി, ഫോട്ടോ സഹിതം ബോർഡിന്റെ വെബ്സൈറ്റിൽ ഓൺലൈനായി അപ്ലോഡ് ചെയ്യാം. കാറ്റഗറി അനുസരിച്ച് (1എ, 1ബി, 2A) നൽകേണ്ട രേഖകളിൽ വ്യത്യാസമുണ്ട്.
അപേക്ഷയും മറ്റു രേഖകളും ബോർഡ് അംഗീകരിക്കുന്ന മുറക്ക് അംഗത്വ കാർഡ് ഓൺലൈനിൽതന്നെ പ്രിന്റ് ചെയ്തെടുക്കാം. മാസ വരിസംഖ്യ ഒന്നാം വിഭാഗത്തിൽ 350 രൂപയും രണ്ടും മൂന്നും വിഭാഗങ്ങളിൽ 200 രൂപയുമാണ്. വരിസംഖ്യ മുൻകൂറായി അടക്കാവുന്നതാണ്.
വാർഷികമായി അടച്ച് പിഴ പലിശ, അംഗത്വം റദ്ദാക്കൽ എന്നിവയിൽനിന്നും ഒഴിവാകാൻ ശ്രദ്ധിക്കുക. ഓൺലൈനായി അടക്കാനുള്ള സൗകര്യവുമുണ്ട്.
ഒരു വർഷം തുടർച്ചയായി വരിസംഖ്യ അടച്ചില്ലെങ്കിൽ അംഗത്വം റദ്ദാക്കപ്പെടും. വരിസംഖ്യ പിഴ പലിശ സഹിതം അടച്ചു പുതുക്കുന്നതിനുള്ള സൗകര്യം നിബന്ധനകൾക്ക് വിധേയമായി അനുവദിച്ചിട്ടുണ്ട്. കേന്ദ്ര/ കേരള/ പൊതുമേഖല മറ്റു സ്ഥിര പെൻഷൻ പദ്ധതി ലഭ്യമായിട്ടുള്ളവർക്കും ഈ പദ്ധതിയിൽ അംഗത്വം ലഭിക്കില്ല.
കൂടുതൽ സുതാര്യമായും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി ബോർഡ് സേവനങ്ങൾ ഓൺലൈനായി നൽകി വരുന്നു. ക്ഷേമ നിധിയിലേക്കുള്ള എല്ലാ അടവുകളും ഓൺലൈനായിത്തന്നെ വേണമെന്ന് ബോർഡ് നിഷ്കർഷിക്കുന്നുണ്ട്. പദ്ധതി ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഓൺലൈനായി നൽകാം.
ഇത് അംഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ സൗകര്യപ്രദമാണ്. കാരണം, അവരുടെ എല്ലാ വിവരങ്ങളും, അപേക്ഷകളുടെ സ്ഥിതി, പണമിടപാടിന്റെ വിവരങ്ങളെന്നിവ ഓൺലൈനായി കാണാൻ കഴിയുന്നതുകൊണ്ട് എന്തെങ്കിലും പിഴവുകൾ ഉണ്ടെങ്കിൽ ഉടനെ തിരുത്താൻ ആവശ്യപ്പെടാം.
ക്ഷേമനിധി ഹെൽപ് ഡെസ്കൊരുക്കി വിവിധ സംഘടനകൾ
പ്രതിഭ
ബഹ്റൈൻ പ്രതിഭയുടെ നോർക്ക സബ് കമ്മിറ്റിയുമായി ബന്ധപ്പെട്ടാൽ ക്ഷേമനിധി സംബന്ധമായ സഹായങ്ങൾ ലഭിക്കും. പ്രദീപൻ കൺവീനർ: 39137671, റിനീഷ് മനാമ- 38871203, പ്രജിത്ത് സൽമാബാദ്- 36058883, ബിജു കെ.പി മുഹറഖ് - 39229089, അജിത് റിഫ - 66356250, എന്നിവരെ വിളിക്കാം.
കെ.എം.സി.സി
ക്ഷേമനിധിയിൽ ചേരാനും മറ്റു സഹായങ്ങൾക്കും മനാമ കെ.എം.സി.സി ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 34599814. നസീം: 34599814, എ.പി. ഫൈസൽ: 39841984 എന്നിവരുമായും ബന്ധപ്പെടാം.
പ്രവാസി വെൽഫെയർ
ക്ഷേമനിധിയിൽ ചേരാനും മറ്റു സഹായങ്ങൾക്കും റഫീഖിനെ സമീപിക്കാം. ഫോൺ: 33370946
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

