Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്വദേശികളുടെ ഏപ്രിൽ...

സ്വദേശികളുടെ ഏപ്രിൽ മാസത്തെ ശമ്പളം നൽകൽ; 1.05 ലക്ഷം പേർക്ക് ഗുണം ലഭിക്കുന്ന പദ്ധതിക്ക് 100 ദശലക്ഷം ദിനാർ ചെലവ്

text_fields
bookmark_border
സ്വദേശികളുടെ ഏപ്രിൽ മാസത്തെ ശമ്പളം  നൽകൽ; 1.05 ലക്ഷം പേർക്ക് ഗുണം ലഭിക്കുന്ന പദ്ധതിക്ക് 100 ദശലക്ഷം ദിനാർ ചെലവ്
cancel

മനാമ: മേഖലയിലെ നിലവിലെ അസാധാരണമായ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത്, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ബഹ്‌റൈൻ സ്വദേശികളുടെ ഏപ്രിൽ മാസത്തെ ശമ്പളം അൺഎംപ്ലോയ്‌മെന്റ് ഇൻഷുറൻസ് ഫണ്ടിൽ നിന്ന് നേരിട്ട് നൽകാനുള്ള അടിയന്തര നിയമഭേദഗതി പാർലമെന്റ് ഇന്ന് ചർച്ച ചെയ്യും. ഏകദേശം 100 ദശലക്ഷം ദിനാർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് ഗവൺമെന്റ് ഇതിനോടകം രൂപം നൽകിക്കഴിഞ്ഞു. 2006ലെ അൺഎംപ്ലോയ്‌മെന്റ് ഇൻഷുറൻസ് നിയമത്തിൽ പ്രത്യേക ഭേദഗതികൾ വരുത്തിയാണ് 2026 ഏപ്രിൽ മാസത്തെ ശമ്പളം നൽകാൻ ഫണ്ട് വിനിയോഗിക്കുന്നത്.

സ്വദേശി ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആരെയും പിരിച്ചുവിടുന്നത് ഒഴിവാക്കാനുമുള്ള മുൻകരുതൽ നടപടിയായാണ് ഇതിനെ കാണുന്നത്.

ആളുകൾക്ക് ജോലി നഷ്ടപ്പെട്ട ശേഷം ആനുകൂല്യം നൽകുന്നതിന് പകരം, തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ മുൻകൂട്ടി ഇടപെടുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പാർലമെന്റ് സർവീസ് കമ്മിറ്റി ചെയർമാൻ മംദൂഹ് അൽ സാലിഹ് വ്യക്തമാക്കി.

സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1,05,503 ബഹ്‌റൈനികൾക്ക് ഈ തീരുമാനത്തിന്റെ ഗുണഫലം ലഭിക്കും.

മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ ബിസിനസ് സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളെയും പണലഭ്യതയെയും ബാധിച്ച സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് ശമ്പളം നൽകുന്നതിനും വാടക നൽകുന്നതിനും വലിയ പ്രയാസം നേരിടുന്നുണ്ടെന്ന് ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ചൂണ്ടിക്കാട്ടിയിരുന്നു.

ചില സമിതി അംഗങ്ങൾ ഈ സഹായം മെയ്, ജൂൺ മാസങ്ങളിലേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് സർക്കാർ നൽകിയ മറുപടി. പാർലമെന്റും ശൂറ കൗൺസിലും അംഗീകരിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulfBahrain
News Summary - Disbursement of April salaries for citizens; 100 million Dinar project to benefit 1.05 lakh people
Next Story