പ്രവാസികൾ ചെയ്യുന്ന ജോലികളിൽ സ്വദേശികൾക്ക് പരിശീലനം നൽകാൻ നിർദേശം
text_fieldsമനാമ: സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ മുന്നിൽ കണ്ട് ബഹ്‌റൈൻ സ്വദേശികൾക്ക് മുൻകൂട്ടി ജോലിയിൽ പരിശീലനം നൽകാനും ഘട്ടംഘട്ടമായി വിദേശ ജീവനക്കാർക്ക് പകരം ബഹ്‌റൈനികളെ നിയമിക്കാനുമുള്ള പുതിയ നിർദ്ദേശം പാർലമെന്റിൽ സമർപ്പിച്ചു. എം.പി ഡോ. മുനീർ സറൂറാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. സ്ഥാപനങ്ങളിൽ നേരിട്ടുള്ള പരിശീലനത്തിലൂടെ ബഹ്‌റൈൻ യുവാക്കളെ തൊഴിൽസജ്ജരാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
തൊഴിൽ മന്ത്രാലയം, ലേബർ ഫണ്ട്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. കൃത്രിമബുദ്ധി, തൊഴിൽ വിപണിയിലെ വിവരങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി ഭാവിയിൽ ആവശ്യമായി വരുന്ന വൈദഗ്ധ്യങ്ങൾ കണ്ടെത്തും. ഒഴിവുകൾ വരുന്നതിന് തൊട്ടുമുമ്പ് ആളുകളെ തിരയുന്നതിന് പകരം, മുൻകൂട്ടി പരിശീലനം നൽകി സ്വദേശികളെ സജ്ജരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
കൃത്രിമബുദ്ധിയുടെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും വളർച്ച തൊഴിൽ വിപണിയുടെ സ്വഭാവത്തിലും ആവശ്യമായ വൈദഗ്ധ്യങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ഡോ. മുനീർ സറൂർ ചൂണ്ടിക്കാട്ടി. നിലവിൽ ഒഴിവുകൾ വരുമ്പോൾ മാത്രം ബഹ്‌റൈനികളെ കണ്ടെത്തുന്ന രീതിക്ക് പകരം, ഭാവി ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് സ്വദേശികൾക്ക് മുൻകൂട്ടി പരിശീലനം നൽകുന്ന രീതിയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
നിർദ്ദിഷ്ട പദ്ധതി പ്രകാരം ബഹ്‌റൈനികൾ സ്വകാര്യ കമ്പനികളിൽ പരിശീലനവും ജോലിയും സമന്വയിപ്പിക്കുന്ന കരാറുകളിൽ ഒപ്പിടും. വിദേശികൾ ജോലി ചെയ്യുന്ന തസ്തികകളിലേക്ക് ബഹ്‌റൈനികളെ ഘട്ടംഘട്ടമായി കൊണ്ടുപോഷാക്കുന്നതിനുള്ള വ്യക്തമായ പദ്ധതി കമ്പനികൾ തയ്യാറാക്കും. ഈ പരിശീലന കരാറുകൾക്ക് തംകീൻ സാമ്പത്തിക സഹായം നൽകും. ഉയർന്ന വൈദഗ്ധ്യമുള്ള മേഖലകളിൽ ബഹ്‌റൈനികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും തൊഴിൽക്ഷമത കൂട്ടാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിർദേശം തുടർനടപടികൾക്കും അനുമതികൾക്കും ശേഷമേ നിയമായി വരികയുള്ളൂ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

