ക്ഷേമ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ
text_fieldsമനാമ: സാമൂഹിക ക്ഷേമ സേവനങ്ങൾക്കായുള്ള അപേക്ഷകൾ ഓൺലൈൻ വഴിയാക്കിയതും ഡേറ്റ പരിശോധന കർശനമാക്കിയതും വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയം 50 ശതമാനത്തോളം കുറഞ്ഞതായി സാമൂഹിക വികസന മന്ത്രാലയം.
എം.പി മുനീർ സുറൂറിന്റെ ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ, ആഭ്യന്തര നടപടിക്രമങ്ങൾ ലഘൂകരിച്ചതായും മറ്റ് സർക്കാർ സ്ഥാപനങ്ങളുമായുള്ള ഇലക്ട്രോണിക് ബന്ധം വിപുലീകരിച്ചതായും മന്ത്രാലയം പറഞ്ഞു.
വർധിച്ചുവരുന്ന ആവശ്യകതകൾക്കിടയിലും സാമൂഹിക പിന്തുണ സുസ്ഥിരമായി നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. നാഷനൽ ഇ-ഗവൺമെന്റ് പോർട്ടൽ വഴി അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് ഗുണഭോക്താക്കൾക്ക് അപേക്ഷാ നടപടികൾ എളുപ്പമാക്കാനും വേഗത്തിൽ പൂർത്തിയാക്കാനും സഹായിക്കുന്നതാണ്.
നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണ് സാമൂഹിക സഹായം നൽകുന്നത്. അർഹരായ ഗുണഭോക്താക്കൾക്ക് പ്രതിമാസ പേമെന്റുകൾ ലഭിക്കുന്നുണ്ട്. പൊതുപണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനും ആനുകൂല്യങ്ങൾ ഇരട്ടിയായി ലഭിക്കുന്നത് തടയുന്നതിനുമായി മറ്റ് സർക്കാർ ഏജൻസികളുമായി ചേർന്ന് ഓരോ മാസവും ഗുണഭോക്താക്കളുടെ വിവരങ്ങൾ ഇലക്ട്രോണിക് സംവിധാനം വഴി പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
സോഷ്യൽ അസിസ്റ്റൻസ് ഡയറക്ടറേറ്റ് ഗുണഭോക്താക്കളുടെ വരുമാനം, വിവാഹനില, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം എന്നിവ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നിരന്തരം നിരീക്ഷിക്കാനാകുന്നുണ്ടെന്നും സാമൂഹിക ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തൊഴിൽ ലഭ്യമാക്കുന്നതിന് തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

