ഡിജിറ്റൽ ചൂഷണങ്ങൾക്കെതിരെ ജാഗ്രത വേണം - എം.പി ഹസൻ ഇബ്രാഹിം
text_fieldsമനാമ: സാമൂഹിക മാധ്യമങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ദുരുപയോഗം ചെയ്ത് കുറ്റവാളികൾ നടത്തുന്ന ചൂഷണങ്ങൾക്കെതിരെ ശക്തമായ നിയമനിർമ്മാണവും ജാഗ്രതയും അനിവാര്യമാണെന്ന് എം.പി ഹസൻ ഇബ്രാഹിം മുന്നറിയിപ്പ് നൽകി. ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോണുകളും ആപ്പുകളും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്ന ഓൺലൈൻ തട്ടിപ്പുകളും ഡിജിറ്റൽ ചൂഷണങ്ങളും അതിവേഗം വർധിച്ചുവരുന്നത് വലിയ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റകൃത്യങ്ങൾ തടയുന്നതിനായി നിയമങ്ങളിൽ കൃത്യമായ അവലോകനം നടത്തണമെന്നും, പൊലീസ് ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കും മികച്ച പരിശീലനം നൽകണമെന്നും, ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള ജനകീയ അവബോധം വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ഇരകളെ സഹായിക്കുന്നതിനുമുള്ള ശക്തമായ നിയമങ്ങളും സംവിധാനങ്ങളും ബഹ്‌റൈൻ ഇതിനകം തന്നെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിരന്തരമായ ഇടപെടലുകൾക്കുമാണ് ബഹ്‌റൈന്റെ ഈ നേട്ടങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മനുഷ്യക്കടത്ത് വിരുദ്ധ റിപ്പോർട്ടിൽ തുടർച്ചയായി എട്ട് വർഷമായി ടയർ 1 പദവി നിലനിർത്താൻ ബഹ്‌റൈന് കഴിഞ്ഞിട്ടുണ്ട്.
ഇത് രാജ്യത്തിന്റെ പ്രവർത്തനങ്ങളുടെയും തൊഴിലാളി സംരക്ഷണത്തിന്റെയും തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങൾ തടയാൻ പാർലമെന്റ് തുടർന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും എം.പി ഹസൻ ഇബ്രാഹിം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

