ഡിഫറന്റ് ആർട്സ് സെന്റർ പദ്ധതി; ഗോപിനാഥ് മുതുകാട് ബഹ്റൈൻ കേരളീയ സമാജം സന്ദർശിക്കും
text_fieldsഗോപിനാഥ് മുതുകാടിനെ ബഹ്റൈൻ എയർപോർട്ടിൽ സ്വീകരിക്കുന്നു
ബഹ്റൈൻ: കാസർകോട് ജില്ലയിലെ വൈകല്യമുള്ള കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ആരംഭിക്കുന്ന ഡിഫറന്റ് ആർട്സ് സെന്റർ (ഡി.എ.സി) പദ്ധതിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് ജനുവരി മൂന്നിന് വൈകുന്നേരം 8.00 ന് ബഹ്റൈൻ കേരളീയ സമാജം സന്ദർശിക്കും. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ സാന്നിധ്യത്തിലാണ് സന്ദർശനം.
കലയും ശാസ്ത്രവും ഏകീകരിച്ച് സാമൂഹിക ഉൾക്കൊള്ളലിന് പുതിയ വഴികൾ തുറക്കുന്ന ഡി.എ.സിയുടെ പദ്ധതിയെക്കുറിച്ച് ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക സംഘടനകളോടും മലയാളി സമൂഹത്തോടും ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായാണ് ഗോപിനാഥ് മുതുകാട് എത്തുന്നത്.
കാസർകോട് ജില്ലയിൽ, എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾ നേരിടുന്ന സാമൂഹികവും വികസനപരവുമായ വെല്ലുവിളികൾക്ക് ദീർഘകാല പരിഹാരങ്ങൾ ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം.
ഡിഫറന്റ് ആർട്സ് സെന്ററിന്റെ പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കുന്നതിനും പദ്ധതിക്ക് അന്താരാഷ്ട്ര തലത്തിലുള്ള പിന്തുണ ഉറപ്പാക്കാനുമായി ഗോപിനാഥ് മുതുകാട് ഇതിനകം വിവിധ രാജ്യങ്ങൾ സന്ദർശിച്ച് വിവിധ സംഘടനകളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
സാമൂഹിക സേവനരംഗത്ത് വർഷങ്ങളായി മുൻനിരയിൽ പ്രവർത്തിച്ച് കേരളത്തിനായി നിരവധി സാമൂഹിക-സാംസ്കാരിക പദ്ധതികൾക്ക് പ്രചോദനം നൽകിയിട്ടുള്ള പി.വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ, ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 2023 സെപ്റ്റംബർ മാസത്തിൽ ഗോപിനാഥ് മുതുകാട് ബഹ്റൈൻ കേരളീയ സമാജം സന്ദർശിച്ചിരുന്നു. പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി വർഗീസ് കാരക്കലും വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

