നൂതന ചികിത്സ രീതികൾ അവതരിപ്പിച്ച് ത്വഗ്രോഗ സിമ്പോസിയം
text_fieldsബി.ഡി.എ സെന്റർ സംഘടിപ്പിച്ച പ്രഥമ ചർമ രോഗ സിമ്പോസിയത്തിൽ പങ്കെടുത്ത വിദഗ്ധർ
മനാമ: ചർമരോഗ ചികിത്സ രംഗത്തെ ഏറ്റവും പുതിയ കണ്ടെത്തലുകൾ പരിചയപ്പെടുത്തിയ സിമ്പോസിയം ശ്രദ്ധേയമായി. ബി.ഡി.എ സെന്റർ ഫോർ മെഡിക്കൽ ട്രെയ്നിങ് സംഘടിപ്പിച്ച പ്രഥമ ചർമ രോഗ സിമ്പോസിയത്തിൽ മികച്ച പങ്കാളിത്തമാണുണ്ടായത്. ആരോഗ്യ പ്രവർത്തകർ, ലബോറട്ടറികൾ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് പുറമെ, സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ 70ഓളം കൺസൾട്ടന്റുമാരും ചർമരോഗ വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു.
ഗ്ലോബൽ ഡെർമറ്റോളജിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സിമ്പോസിയത്തിൽ സങ്കീർണ്മായ ചർമരോഗങ്ങൾക്കുള്ള ഏറ്റവും പുതിയ ചികിത്സ മാർഗങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ചർമരോഗങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളായ വിറ്റിലിഗോ, എക്സിമ, സോറിയാസിസ്, ബാക്ടീരിയ, തലയോട്ടിയിലെ ഫംഗസ് എന്നിവയെക്കുറിച്ചും വിശദമായ ചർച്ചകൾക്ക് സിമ്പോസിയം വേദിയായി. വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ത്വഗ് രോഗ വിദഗ്ധരെ പങ്കെടുപ്പിച്ച് ശാസ്ത്രീയ ഗവേഷണത്തിനായി മത്സരവും സംഘടിപ്പിച്ചു.
ത്വഗ് രോഗ ചികിത്സ രംഗത്തെ അനുഭവസമ്പത്ത് പരസ്പരം കൈമാറുന്നതിനും നവീന ചികിത്സ രീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമുള്ള ഏറ്റവും മികച്ച വേദിയാണ് ഇതെന്ന് സയന്റിഫിക് കമ്മിറ്റി തലവൻ ഡോ. അമിൻ അൽ അവാദി അഭിപ്രായപ്പെട്ടു.
സിമ്പോസിയത്തിന്റെ ആദ്യ പതിപ്പിൽ തന്നെ ശ്രദ്ധേയമായ വിജയം നേടാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വർഷവും സിമ്പോസിയം സംഘടിപ്പിക്കുമെന്നും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ പങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.