ഡെലിവറി ബൈക്കുകൾക്ക് പ്രധാന റോഡുകളിൽ നിരോധനം; നിർദേശത്തിന് പാർലമെന്റ് അംഗീകാരം
text_fieldsമനാമ: രാജ്യത്തെ പ്രധാന റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന നിർദേശം പാർലമെന്റ് അംഗീകരിച്ചു. എം.പി ബദർ അൽ തമീമിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. കുവൈത്തിലെ സമാനമായ നിയമങ്ങൾ മാതൃകയാക്കി ഡെലിവറി ബൈക്കുകളെ ഇടറോഡുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് ആവശ്യം.
റസ്റ്റാറന്റുകൾക്കും ലോജിസ്റ്റിക് കമ്പനികൾക്കും വേണ്ടി ജോലി ചെയ്യുന്ന ഡെലിവറി റൈഡർമാർ ഹൈവേകളിലെ അതിവേഗ പാതകളായ ഇടതുവശത്തെ ട്രാക്കുകൾ ഉപയോഗിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ബദർ അൽ തമീമി ചൂണ്ടിക്കാട്ടി. എന്നാൽ, മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് ഡയറക്ടറേറ്റും പാർലമെന്ററി കമ്മിറ്റിയും ഈ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബഹ്റൈനിലെ റോഡ് ശൃംഖലകൾ പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്നതിനാൽ നിരോധനം നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇത് ഗതാഗതക്കുരുക്ക് വർധിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം, നിയമലംഘനം നടത്തുന്ന ഡെലിവറി ബൈക്കുകൾക്കെതിരെ ട്രാഫിക് വിഭാഗം കർശന നടപടി തുടരുകയാണ്. 2022 മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ 1,005 ഡെലിവറി ബൈക്കുകൾ നിയമലംഘനത്തിന് പിടിച്ചെടുത്തിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾ തത്സമയം കണ്ടെത്താനായി 500 സ്മാർട്ട് കാമറകൾ സ്ഥാപിക്കുന്ന പദ്ധതിയും അവസാന ഘട്ടത്തിലാണ്. പാർലമെന്റ് അംഗീകരിച്ച നിർദേശത്തിൽ സർക്കാർ ഇനി വിശദമായ പഠനം നടത്തുകയും അന്തിമ നിലപാട് അറിയിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

