പ്രവാസി വിദ്യാർഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ നൽകണമെന്ന് ഡൽഹി ഹൈകോടതി
text_fieldsമനാമ: പ്രവാസി വിദ്യാർഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ നൽകണമെന്ന് ഡൽഹി ഹൈകോടതി ഉത്തരവ്. കുവൈത്ത് പ്രവാസിയായ ജേക്കബ് വർഗീസ് മുല്ലൻപാറക്കൽ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വികാസ് മഹാജൻ ഉത്തരവിട്ടത്. നഴ്സിങ് പഠനത്തിനുശേഷം പോസ്റ്റ് ബി.എസ്സി പഠനത്തിനായി ബംഗളൂരുവിലുള്ള ഡിയാന കോളജ് ഓഫ് നഴ്സിങ്ങിൽ 2021ൽ ചേർന്ന സമയത്ത് ജേക്കബ് മുഴുവൻ ഒറിജിനൽ സർട്ടിഫിക്കറ്റുകളും നൽകിയിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം പഠനം അവസാനിപ്പിച്ചതോടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ രണ്ടുവർഷത്തെ മുഴുവൻ ഫീസും നൽകിയാലേ സർട്ടിഫിക്കറ്റുകൾ തിരികെ നൽകൂ എന്ന കോളജിന്റെ നിലപാടാണ് ഡൽഹി ഹൈകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.
ഏതാനും വർഷങ്ങളായി കുവൈത്തിൽ ജോലിചെയ്യുന്ന പ്രവാസിയുടെ ബലഹീനത മുതലെടുക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് ജേക്കബ് പ്രവാസി ലീഗൽ സെല്ലിനെ സമീപിക്കുകയായിരുന്നു. ഹരജി ഫയലിൽ സ്വീകരിച്ച ഹൈകോടതി ഇക്കാര്യത്തിൽ കോളജിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാനും യു.ജി.സിക്ക് നിർദേശവും നൽകി. അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബേസിൽ ജെയ്സൺ എന്നിവർ ഹരജിക്കാരനായി ഹൈകോടതിയിൽ ഹാജരായി.
നഴ്സുമാരുടെ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈകോടതിയിൽനിന്നും സുപ്രീംകോടതിയിൽനിന്നും ഉത്തരവുകൾ നേടിയിരുന്നു. എങ്കിലും പല തരത്തിലും ബോണ്ട് സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നതായും ഇത്തരം സാഹചര്യത്തിൽ പ്രവാസി ലീഗൽ സെൽ നേടിയെടുത്ത വിധിയുടെ ആനുകൂല്യം ഇത്തരം പ്രശ്നമുള്ളവർക്ക് പ്രയോജനകരമാണെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

