മുടങ്ങുന്ന പെൻഷനും തകരുന്ന പ്രതീക്ഷകളും
text_fieldsഅംശാദായം 350രൂപ പോലും അടക്കാൻ കെൽപ്പില്ലാത്ത ഏറ്റവും താഴെക്കിടയിൽ കിടക്കുന്ന പ്രവാസികളാണ് ക്ഷേമനിധി പെൻഷന്‍റെ ഗുണഭോക്താക്കളിൽ അധികവും. മിനിമം അഞ്ചുവർഷമെങ്കിലും അടക്കുന്നവർക്ക് ആണ് പെൻഷൻ നൽകുക എന്നാണ് നിയമം. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ, കുടുംബം പട്ടിണി കൂടാതെ പുലർന്നു പോകാൻ മരുഭൂമിയിൽ ചോര നീരാക്കുന്ന പ്രവാസികളുടെ ഏക ആശ്രയമായ പെൻഷൻ മുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു. ഇത് മൂന്നാമത്തെ തവണയാണ് മുടങ്ങുന്നത്.
ബന്ധപ്പെടുന്നവർക്ക് ലഭിക്കും എന്ന മറുപടിയല്ലാതെ മറ്റൊന്നും നടക്കുന്നില്ല, പെൻഷൻ അപേക്ഷിച്ചാൽ വർഷത്തോളം അടയിരുന്നതിനു ശേഷമാണ് പരിഗണിക്കുന്നത് പോലും. നിസ്സാരമായ തിരുത്തലുകൾക്ക് പോലും പലതവണയാണ് തിരിച്ചയക്കുന്നത്. ഒന്നോ രണ്ടോ തിരുത്തലുകൾ ആവശ്യമാണെങ്കിൽ ഒന്നിച്ച് അറിയിക്കാനുള്ള ദയാവായ്പ് പോലും കാണിക്കുന്നില്ല. വർഷത്തോളമെടുത്ത് പരിഗണിച്ചാൽ തന്നെ അത്രയും മാസത്തെ പെൻഷൻ പിടിച്ചുവെക്കുകയും ഒരു മാസത്തെ പെൻഷൻ ഒക്കെ കൊടുത്ത് സമാധാനിപ്പിക്കുകയും ആണ് ചെയ്യുന്നത്. നിലവിൽ 14 മാസത്തെ പെൻഷൻ കുടിശ്ശിക ആയവർ വരെ ഉണ്ട്. ‘സി എം വിത്ത് മി’ എന്ന പരിപാടിയിൽ പരാതി കൊടുത്തിട്ട് പോലും നിങ്ങളെ നോഡൽ ഓഫീസർ വിളിച്ചിരുന്നു എന്ന് കളവല്ലാതെ ഒരു അനക്കവും ഉണ്ടായില്ല. അദാലത്തുകളിൽ പരാതി നേരിട്ട് ചെയർപേഴ്സണ് നൽകിയിട്ട് അവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
കാലാവധി കഴിയാൻ പോകുന്ന സർക്കാർ അനങ്ങാപ്പാറ നായത്തിൽ നിന്നും മാറില്ല എന്ന നിരാശയിലാണ് പ്രവാസി പെൻഷൻകാർ. ഗൾഫ് പ്രവാസം തുടങ്ങി അര നൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രവാസികളുടെ ഏതെങ്കിലും വിഷയത്തിൽ അർഹമായ രീതിയിൽ അവരെ പരിഗണിക്കുന്നതിൽ സർക്കാർ അമ്പേ പരാജയമാണ് എന്ന് പറയാതിരിക്കാൻ നിർവാഹമില്ല. യാത്ര ദുരിതവും, ടിക്കറ്റ് ചാർജും, മൃതശരീരം തിരിച്ചയക്കുന്നതിനുള്ള നടപടികളും അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പരാതികൾ ഇന്നും നിലനിൽക്കുകയാണ്.
കേരളത്തിന്‍റെ നട്ടെല്ല് പ്രവാസികളാണ് എന്ന് വലിയ വായിൽ വീമ്പിളക്കാൻ എല്ലാവരും മുൻപന്തിയിൽ ആണെങ്കിലും യുദ്ധത്തിന് നടുവിൽ കഴിയുന്ന പ്രവാസികളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ഒരു സർക്കാറും ഇന്നുവരെ തയ്യാറായിട്ടില്ല. പുറമ്പോക്കിൽ താമസിക്കുന്നവരോടുള്ള പരിഗണന പോലും പ്രവാസിക്കു ലഭിക്കുന്നില്ല എന്ന പരാതിയാണ് പരക്കെ. മുടങ്ങിയ പെൻഷൻ പുനഃസ്ഥാപിച്ച് മാസാന്ത പെൻഷൻ കൃത്യ സമയത്ത് നൽകുകയും കുടിശ്ശിക വന്ന തുക എത്രയും പെട്ടെന്ന് തന്നു തീർക്കണമെന്നുമാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

