പ്രിയപ്പെട്ട ബഹ്‌റൈൻ, നിന്നെയും ഞങ്ങൾ ചേർത്ത് പിടിക്കുന്നു
text_fieldsസമാധാനത്തിന്റെയും, ശാന്തിയുടെയും അതി മനോഹര തീരമായ ഞങ്ങളുടെ പവിഴ ദ്വീപിന്റെ മുകളിൽ അശാന്തിയുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നു എന്നത് സ്വദേശികളായ മനുഷ്യരെപ്പോലെ തന്നെ ആയിരക്കണക്കിന് കിലോ മീറ്ററുകൾക്കപ്പുറത്തു നിന്നും അന്നം തേടി ഇവിടെ വന്ന ഞങ്ങൾക്കും വല്ലാത്ത വേദന ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ദൈവം കനിഞ്ഞു നൽകിയ എണ്ണപ്പണത്തിന്റെ വലിയൊരു പങ്ക് ലോകത്തുള്ള സകല സഹ ജീവികളുമായും പങ്ക് വെക്കാൻ ഈ കൊച്ചു പ്രദേശം കാണിക്കുന്ന ഹൃദയ വിശാലതയെ എത്ര വാഴ്ത്തിയാലും മതിയാവുകയില്ല തന്നെ.
സ്വപ്നങ്ങൾ സഞ്ചിയിലാക്കി പ്രതീക്ഷയുടെ പരവതാനിയിൽ പറന്നിറങ്ങിയ എത്രയോ പാവപ്പെട്ട മനുഷ്യരെ കൈ നിറയെ ധനം നൽകി സന്തോഷത്തോടെ മടക്കിയയച്ച ഈ മനോഹരമായ ഭൂ പ്രദേശം എത്രയും പെട്ടെന്ന് ശാന്തിയിലേക്ക് മടങ്ങി വരണമേ എന്നത് മാത്രമാണ് ഈ വൃത വിശുദ്ധിയുടെ ദിന രാത്രങ്ങളിൽ ഞങ്ങളുടെ പ്രാർത്ഥന.
ലോകത്തിന്റെ മുക്ക് മൂലകളിലുള്ള മനുഷ്യർ ജീവിതം കെട്ടിപ്പടുക്കാനായി അധ്വാനിക്കുന്ന ഈ മണ്ണിൽ അശാന്തി പടർത്തുമ്പോൾ ലോക സമൂഹത്തിന്റെ മുമ്പിൽ തങ്ങൾ ഒറ്റപ്പെടുകയാണെന്ന സത്യം ഇറാൻ തീർച്ചയായും തിരിച്ചറിയേണ്ടതുണ്ട്.
ഞങ്ങളെ ഇക്കാലമത്രയും ചേർത്ത് പിടിച്ച പ്രിയപ്പെട്ട ബഹ്‌റൈൻ. ഈ പ്രതിസന്ധി നാളുകളിൽ നിന്നെയും ഞങ്ങൾ പ്രാർത്ഥനകളോടെ ചേർത്ത് പിടിക്കുന്നു. എത്രയും പെട്ടെന്ന് പഴയ നാളുകളിലേക്ക് ഈ നാട് തിരിച്ചു പോകണമെ എന്ന മനസ്സുരുകിയുള്ള പ്രാർത്ഥനയോടെ, പുതിയൊരു പ്രഭാതം പൊട്ടി വിടരട്ടെ. സൈറൺ മുഴങ്ങാത്ത ദിന രാത്രങ്ങൾക്കായി ഉള്ളുരുകി ദൈവത്തോട് തേടിക്കൊണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
