മൃതദേഹം നാട്ടിലെത്തിക്കൽ: 48 മണിക്കൂർ മുമ്പ് രേഖകൾ എത്തിക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് സംഘടനകൾ
text_fieldsമനാമ: പ്രവാസികൾ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കണമെങ്കിൽ 48 മണിക്കൂർ മുമ്പ് രേഖകൾ നാട്ടിലെ വിമാനത്താവളത്തിൽ എത്തിക്കണമെന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ‘ബഹ്റൈൻ പ്രതിഭ’ ആവശ്യപ്പെട്ടു. പ്രവാസ ഭൂമിയിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ സാമൂഹിക പ്രവർത്തകരുടെയും മറ്റും കൂട്ടായ ഇടപെടലും സഹായവും വഴി ഉടൻ അയക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. ഇതിന് തുരങ്കം െവക്കുന്ന നീക്കമാണ് അധികൃതർ സ്വീകരിക്കുന്നത്.ഇൗ സമീപനം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പ്രശ്നത്തിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടുവെന്നത് ആശാവഹമാണ്. കേന്ദ്രത്തിലും പ്രശ്നം അവതരിപ്പിച്ച് ഇതുസംബന്ധിച്ച ഉത്തരവ് പിൻവലിപ്പിക്കാൻ എം.പിമാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ‘പ്രതിഭ’ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.
മൃതദേഹം അയക്കുന്ന കാര്യത്തിലുള്ള പുതിയ ഉത്തരവ് മനുഷ്യത്വരഹിതമാണെന്ന് ഐ.വൈ.സി.സി ആരോപിച്ചു. ബഹ്റൈനിൽ പ്രവാസികൾ മരിച്ചാൽ രേഖകൾ ശരിയാണെങ്കിൽ അന്ന് തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുവാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ നിർദേശം വഴി മൃതദേഹം നാട്ടിലെത്തുന്നത് വൈകും. എംബാം ചെയ്ത മൃതദേഹങ്ങൾ 48 മണിക്കൂർ മാത്രമേ സൂക്ഷിക്കാനാകൂഎന്നതാണ് വസ്തുത. ഇക്കാര്യം പോലും അധികൃതർ പരിഗണിച്ചിട്ടില്ല എന്നതാണ് മനസിലാക്കേണ്ടത്.
മരണസർട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, കോൺസുലേറ്റിൽ മരണം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് (അറബിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് ), റദ്ദ് ചെയ്ത പാസ്പോർട്ട്, ലോക്കൽ പോലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നീ രേഖകൾ കാർഗോയിൽ നൽകിയാണ് നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നത്.
പുതിയ നിർദേശം പ്രാബല്യത്തിൽ വരുമ്പോൾ എംബാം ചെയ്ത ശേഷം മൃതദേഹം നേരെ കാർഗോവിഭാഗത്തിൽ എത്തിക്കുന്നതിന് മുമ്പ് നാട്ടിൽ നിന്ന് ബന്ധപ്പെട്ട വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങണം. ഇൗ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും നിവേദനം സമർപ്പിക്കാൻ െഎ.ൈവ.സി.സി തീരുമാനിച്ചു.
വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകാനുള്ള പുതിയ നിബന്ധങ്ങൾ പ്രവാസികളോടുള്ള അവഗണനയുടെ തുടർച്ചയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ആരോപിച്ചു. ഇതിനെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മനാമ സൂഖ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
