ഈന്തപ്പഴ ഉൽപാദനം 14,000 ടണ്ണിലെത്തി; രാജ്യാന്തര നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും പാർലമെന്റിൽ ചർച്ച ചെയ്യും
text_fieldsമനാമ: ബഹ്‌റൈനിലെ ഈന്തപ്പഴ ഉൽപ്പാദനം 2024ൽ ഏകദേശം 14,000 ടണ്ണിലെത്തിയതായി ഔദ്യോഗിക കണക്കുകൾ. ആഗോള വിപണികൾ നിരീക്ഷിക്കുന്നതിനായി മനാമയിൽ ഒരു അന്താരാഷ്ട്ര ഈന്തപ്പഴ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാർ അംഗീകരിക്കാനുള്ള തയാറെടുപ്പിലാണ് ബഹ്‌റൈൻ പാർലമെന്റ്. പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ഈ കരടുനിയമത്തിന് അനുകൂലമായ ശുപാർശ നൽകിയിട്ടുണ്ട്.
2025 സെപ്റ്റംബർ 22ന് മനാമയിൽ ഒപ്പിട്ട കരാർ പ്രകാരം, ഇന്റർനാഷനൽ ഡേറ്റ്‌സ് കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന ഈ നിരീക്ഷണ കേന്ദ്രത്തിന്റെ സ്ഥിരം ആസ്ഥാനം ബഹ്‌റൈനായിരിക്കും.
ആഗോള വിപണിയിലെ വിവരങ്ങൾ ശേഖരിക്കുക, വിശകലനം ചെയ്യുക, പ്രസിദ്ധീകരിക്കുക എന്നിവയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ചുമതലകൾ. ഇത് അംഗരാജ്യങ്ങളെ ഈ മേഖലയിലെ നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിനും നയരൂപീകരണത്തിനും സഹായിക്കും. നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ കെട്ടിട സൗകര്യങ്ങൾ ബഹ്‌റൈൻ നൽകും. എന്നാൽ, ഇത് ബഹ്‌റൈന് സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്ന് കാർഷിക മന്ത്രാലയം സമിതിയെ അറിയിച്ചു. കേന്ദ്രം സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഭരണപരവും സാങ്കേതികവും ലോജിസ്റ്റിക്കലുമായ എല്ലാ ചെലവുകളും ഇന്റർനാഷനൽ ഡേറ്റ്‌സ് കൗൺസിൽ തന്നെ വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

