പുതിയ ഈത്തപ്പഴ സംസ്കരണ ഫാക്ടറി വരുന്നു
text_fieldsമനാമ: ബഹ്റൈനിൽ ഈത്തപ്പഴ സംസ്കരണ ഫാക്ടറി സ്ഥാപിക്കാൻ മൂന്നു ലക്ഷം ദീനാർ നിക്ഷേപിക്കാൻ തയാറായി സ്വകാര്യ കമ്പനികൾ രംഗത്തുവന്നിട്ടുണ്ടെന്ന് കൃഷിമന്ത്രി വലേൽ ആൽ മുബാറക് അറിയിച്ചു.
ഫാക്ടറിക്കാവശ്യമായ സ്ഥലം നൽകാൻ സർക്കാർ തയാറാണെന്നും പദ്ധതിയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം ശൂറ കൗൺസിലിനെ അറിയിച്ചു. 2000 ചതുരശ്രമീറ്റർ സ്ഥലമാണ് ഫാക്ടറിക്കായി നൽകുക. വർഷത്തിൽ 5000 ടൺ ഈത്തപ്പഴം സംസ്കരിക്കാൻ ശേഷിയുള്ളതാകും പ്ലാൻറ്. പിന്നീട് ഫാക്ടറിയുടെ ശേഷി 15,000 ടൺ ആയി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം 13,000 ടണ്ണിനും 14,000 ടണ്ണിനും ഇടയിൽ ഈത്തപ്പഴമാണ് ഇപ്പോൾ രാജ്യത്ത് ഉൽപാദിപ്പിക്കുന്നത്. ഈത്തപ്പഴ സംസ്കരണത്തിലൂടെ മൂല്യവർധിത ഉൽപന്നങ്ങളും അനുബന്ധ ഉൽപന്നങ്ങളും നിർമിക്കാനും പദ്ധതിയുണ്ട്.
ആഗോളതലത്തിൽ ബഹ്റൈൻ ഈത്തപ്പഴം വിപണിയിൽ പ്രചരിപ്പിക്കാൻ പ്രത്യേകം മാർക്കറ്റിങ് ടീമിനെ നിയോഗിക്കും. ഉൽപാദനം വർധിപ്പിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാർഷിക ലാബുകളിൽ ജനിതകപഠനമുൾപ്പെടെ നടക്കുന്നുണ്ട്. ഈന്തപ്പനകളിലെ രോഗബാധ തടയാനാവശ്യമായ സഹായനടപടികൾ കർഷകർക്ക് മന്ത്രാലയം നൽകും.
സൗദി ആസ്ഥാനമായി രൂപവത്കരിച്ചിട്ടുള്ള ഇന്റർനാഷനൽ ഡേറ്റ്സ് കൗൺസിലിൽ ബഹ്റൈൻ അംഗമാകുന്നതിനും ശൂറ കൗൺസിൽ അംഗീകാരം നൽകി.
ഈന്തപ്പനകൃഷി മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും യോജിച്ച പ്രവർത്തനങ്ങളിലൂടെ തരണം ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ് അന്താരാഷ്ട്ര കൗൺസിൽ രൂപവത്കരിച്ചിരിക്കുന്നത്. ഉൽപാദനം ശാസ്ത്രീയ കൃഷിരീതികളിലൂടെ വർധിപ്പിക്കുക, വിപണി ശക്തമാക്കുക എന്നിവയും കൗൺസിലിന്റെ ലക്ഷ്യമാണ്. കാർഷിക മേഖലക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ നീക്കങ്ങൾ ബഹ്റൈനിന്റെ
പൗരാണികമായ പാരമ്പര്യം പുനഃസ്ഥാപിക്കുന്നതിന് സഹായകമാണെന്നും ശൂറ കൗൺസിൽ വിലയിരുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.