ബഹ്‌റൈൻ ബഹിരാകാശ പദ്ധതികളിൽ സൈബർ സുരക്ഷക്ക് മുൻഗണന
text_fieldsഡോ. മുഹമ്മദ് അൽ അസീരി
മനാമ: ബഹിരാകാശ പദ്ധതികളിൽ സൈബർ സുരക്ഷാ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയതായി ബഹ്റൈൻ സ്പേസ് ഏജൻസി (ബി.എസ്.എ) ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് അൽ അസീരി. ബഹിരാകാശ മേഖലയിലെ സൈബർ സുരക്ഷയെക്കുറിച്ച് യു.എസ് കമ്പനിയായ വൂൾഫ്എസ്.എസ്.എൽ സംഘടിപ്പിച്ച വെർച്വൽ സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെ വികസിത സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യകൾ പരിപാടിയിൽ ചർച്ചയായി. ബഹ്‌റൈൻറെ നൂതന സാങ്കേതിക വിദ്യക്ക് ഉദാഹരണമായി 'അൽ മുൻദിർ' ഉപഗ്രഹത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപഗ്രഹ ആശയ വിനിമയങ്ങൾ സംരക്ഷിക്കുക, ഭാവിയിലെ അപകട സാധ്യതകളെ നേരിടാൻ ക്വാണ്ടം-റെസിസ്റ്റന്റ് എൻക്രിപ്ഷൻ ഉപയോഗിക്കുക, ഉപഗ്രഹ വിക്ഷേപണങ്ങൾക്കും പ്രവർത്തനങ്ങൾക്കും സുരക്ഷിതമായ സംവിധാനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ പ്രധാന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പ്രാധാന്യം ഡോ. അൽ അസീരി ഊന്നിപ്പറഞ്ഞു. സുരക്ഷിതമായ ബഹിരാകാശ സംവിധാനങ്ങൾ നിർമ്മിക്കുന്നതിൽ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും, ബഹിരാകാശ സംവിധാനങ്ങൾക്ക് സൈബർ സുരക്ഷ ഒരു തന്ത്രപരമായ ആവശ്യകതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിരോധ ശേഷി വർധിപ്പിക്കാനും, ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും, സാങ്കേതികവിദ്യാ നേതാക്കളുമായി പങ്കാളിത്തം വികസിപ്പിക്കാനുമുള്ള ബഹ്‌റൈൻറെ ശ്രമങ്ങളിൽ ബി.എസ്.എയുടെ പങ്കാളിത്തം പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ബഹിരാകാശ, സൈബർ സുരക്ഷാ മേഖലകളിൽ ഒരു വളർന്നുവരുന്ന രാഷ്ട്രം എന്ന നിലയിൽ പ്രാദേശിക തലത്തിൽ ബഹ്‌റൈൻറെ പങ്കും ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2004-ൽ സ്ഥാപിതമായ വൂൾഫ്എസ്.എസ്.എൽ, ബഹിരാകാശ സൈബർ സുരക്ഷാ പരിഹാരങ്ങളിൽ ആഗോള നേതാവായി അറിയപ്പെടുന്ന സ്ഥാപനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

