മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യം; കീം പരീക്ഷ കേന്ദ്രങ്ങൾ മാറ്റാൻ അവസരം
text_fieldsമനാമ: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷസാഹചര്യം കണക്കിലെടുത്ത്, 2026ലെ കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയുടെ (കീം) പരീക്ഷ കേന്ദ്രങ്ങൾ മാറ്റാൻ അപേക്ഷകർക്ക് അവസരം. യു.എ.ഇ (ഷാർജ) പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ നേരിടുന്ന യാത്രാക്ലേശവും ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് പ്രവേശന പരീക്ഷ കമ്മീഷണറുടെ ഈ നടപടി. പുതുക്കിയ ക്രമീകരണങ്ങൾ പ്രകാരം യു.എ.ഇ (ഷാർജ) കൂടാതെ ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്.
യു.എ.ഇ പരീക്ഷ കേന്ദ്രമായി നിശ്ചയിച്ചിരുന്നവർക്ക് നിലവിൽ മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കേരളത്തിലെ ഏതെങ്കിലും കേന്ദ്രം തെരഞ്ഞെടുക്കാം. കേരളത്തിൽ സെന്‍റർ നിശ്ചയിച്ചവർക്ക് നിലവിൽ ഗൾഫ് രാജ്യങ്ങളിലാണുള്ളതെങ്കിൽ പരീക്ഷ എഴുതാൻ ഗൾഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്. യു.എ.ഇ സെന്‍ററായി നൽകിയവർക്ക് വേണമെങ്കിൽ പുതിയതായി അനുവദിച്ച കുവൈത്തിലേക്കോ ബഹ്‌റൈനിലേക്കോ സെന്‍റർ മാറ്റാം.
അപേക്ഷകർക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'KEAM 2026-Application' ലിങ്ക് വഴി ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി ഹോം പേജിൽ പ്രവേശിക്കാം. പേജിലെ മെനുവിലുള്ള 'Change Centre' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് പരീക്ഷ കേന്ദ്രം മാറ്റാവുന്നതാണ്. സെന്‍റർ മാറ്റവുമായി ബന്ധപ്പെട്ട് അഡീഷണൽ ഫീസുകൾ ഉണ്ടെങ്കിൽ അത് ഓൺലൈനായി അടയ്ക്കണം. അവസാന തീയതി ഏപ്രിൽ 7, ഉച്ചയ്ക്ക് 1.00 മണി ആണ്. പരീക്ഷാ കേന്ദ്രം മാറ്റാനുള്ള സമയം ഒരു കാരണവശാലും നീട്ടി നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 8 മുതൽ വെബ്‌സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി 0471-2332120 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

