ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയൂ; ഏഴ് മില്യണിലധികം പ്രേക്ഷകരുമായി ‘കൾച്ചർ വൾച്ചർ’
text_fieldsമനാമ: ആധുനിക സമൂഹത്തിലും സ്ത്രീയുടെ ജീവിതം തടവറക്ക് സമാനമായ അന്തരീക്ഷത്തിലാണ്. അവളെ തടവിലാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും പേരിൽ കൂട്ടിലടക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം ആവിഷ്കരിച്ച ചെറു ഫോട്ടോസ്റ്റോറി അടുത്തിടെ യു ട്യൂബിൽ റിലീസ് ചെയ്തിരുന്നു. ‘കൾച്ചർ വൾച്ചർ’ എന്ന ആ ഫിലിം അക്ഷരാർഥത്തിൽ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ബഹ്റൈനിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ അച്ചു അരുൺരാജാണ് സംവിധാനം നിർവഹിച്ചത്. സ്ത്രീത്വത്തെ വരിഞ്ഞുമുറുക്കുന്ന ചങ്ങലക്കണ്ണികൾ പൊട്ടിക്കാൻ ആഹ്വാനം ചെയ്യുന്ന രണ്ടുമിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രം ലളിതമായി കാര്യങ്ങൾ വിശദീകരിക്കുന്നതായിരുന്നു.
ചരടുകൾ ഇനി മേൽ വേണ്ട എന്ന സന്ദേശം നൽകുന്ന ചിത്രം യുട്യൂബിൽ വൻഹിറ്റായി. ലക്ഷക്കണക്കിനാളുകളാണ് ഭാഷ -ദേശ -ജാതി -മത വ്യത്യാസമില്ലാതെ ചിത്രം കണ്ടത്. 10 വർഷത്തിലേറെയായി ബഹ്റൈൻ പ്രവാസിയായ അരുൺരാജ് ഓപ്പോയിൽ സീനിയർ ഡിസൈനർ കം ബ്രാൻഡിങ് എക്സിക്യൂട്ടീവാണ്. ജോലിത്തിരക്കിനിടയിലും കലയെയും അഭിനയത്തെയും സ്നേഹിക്കുന്ന അദ്ദേഹം ബഹ്റൈനിലെ കലാരംഗത്ത് സജീവമാണ്. നിരവധി തിയറ്റർ നാടകങ്ങളുടെ സംവിധായകനായ അരുൺരാജ് മികച്ച അഭിനേതാവ് കൂടിയാണ്.
ഹരീഷ് മേനോൻ, പ്രജിത്ത് നമ്പ്യാർ, ഷാഹിദ്, നിഖിൽ കരുണാകരൻ തുടങ്ങിയ പ്രഗല്ഭരായ സംവിധായകരുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി ആൽബങ്ങളിലും അഭിനയിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റ്, ഗ്രാഫിക് ഡിസൈനർ എന്നീ നിലകളിലും പ്രശസ്തനാണ്. നിരവധി ടി.വി ഷോകളുടെയും ഭാഗമായിരുന്നു.
ബഹ്റൈനിൽ 40ലധികം ഷോർട്ട് ഫിലിമുകൾക്ക് ഡിജിറ്റൽ പെയിന്റിങ്ങുകൾ, പോസ്റ്റർ ഡിസൈനർ എന്നിവ ചെയ്തിട്ടുണ്ട്. സംവിധായകൻ ഷാജൂൺ കാര്യാൽ നേതൃത്വം നൽകിയ സിനിമ ശിൽപശാലയിലടക്കം മികച്ച അഭിനേതാവിനുള്ള പുരസ്കാരവും നേടി. ബിറ്റ്സ് ആൻഡ് പീസസ്, 2. കൊതിയൻ, അലോക, ലൈറ്റ്, കോവിഡ്-19 , കാൻ ബി ടച്ച്ഡ് തുടങ്ങി അരുൺരാജ് അഭിനയിച്ച ഷോർട്ട് ഫിലിമുകൾ യുട്യൂബിൽ ഇപ്പോഴും നിരവധിപേരെ ആകർഷിക്കുന്നു. ഭാര്യ ജെനിഫർ മികച്ച നർത്തകിയാണ്. ‘ഭയം’ എന്ന അടുത്തിടെ അരങ്ങിലെത്തിയ നാടകത്തിൽ അരുൺരാജിനൊപ്പം ജെനിഫറും അഭിനയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

