കലാസാംസ്കാരിക- ഭക്ഷ്യമേള ‘കൾചറൽ ഗാല-23’ ജൂൺ ഒമ്പതിന് ഇന്ത്യൻ ക്ലബിൽ
text_fieldsമനാമ: വനിതകളുടെ സാമൂഹിക- സാംസ്കാരിക കൂട്ടായ്മയായ വിമൻ എക്രോസും ഭക്ഷണപ്രേമികളുടെ കൂട്ടായ്മയായ ബഹ്റൈൻ ഫുഡ് ലവേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന കലാസാംസ്കാരിക- ഭക്ഷ്യമേള ‘കൾചറൽ ഗാല -2023’ എന്ന പേരിൽ ജൂൺ ഒമ്പതിന് ഇന്ത്യൻ ക്ലബിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചക്ക് രണ്ട് മുതൽ രാത്രി 11വരെ നീളുന്ന മേളയിൽ ഇന്തോ-അറബ് ഭക്ഷ്യ വിഭവ മത്സരങ്ങളാണ് പ്രധാന ആകർഷണം. ഒപ്പം ബഹ്റൈനിലെ കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപ്രകടനങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യവും ഉണ്ടായിരിക്കും.
ഹോട്ടലുകൾ ഉൾപ്പെടെ രുചിയൂറും തനി നാടൻ വിഭവങ്ങളുമായി വിവിധ കൂട്ടായ്മകളും മേളയുടെ ഭാഗമായി തീരും. ആറുമണിക്ക് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മത്സരവിജയികൾക്ക് സമ്മാനം കൈമാറുമെന്ന് സംഘാടക സമിതിക്കുവേണ്ടി വിമൻ എക്രോസ് കോ ഫൗണ്ടർ സുമിത്ര പ്രവീൺ, അംഗങ്ങളായ സിമി അശോക്, ഹർഷ ജോബിഷ്, നീതു സലീഷ്, ബഹ്റൈൻ ഫുഡ് ലവേഴ്സ് ഫൗണ്ടർ ഷജിൽ ആലക്കൽ, അഡ്മിന്മാരായ ശ്രീജിത്ത് ഫറോക്, രശ്മി അനൂപ്, സീർഷ, ജയകുമാർ, വിഷ്ണു, നിമ്മി റോഷൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33272420, 39042017 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.