ബഹ്റൈനിൽ 3.8 ലക്ഷം ദിനാറിന്റെ ക്രിപ്റ്റോ തട്ടിപ്പ്: സ്വദേശിക്ക് അഞ്ച് വർഷം തടവും പിഴയും
text_fieldsമനാമ: വ്യാജ ക്രിപ്റ്റോ കറൻസി ട്രേഡിങ് പ്ലാറ്റ്ഫോം വഴി നിക്ഷേപകരിൽനിന്ന് ലക്ഷക്കണക്കിന് ദിനാർ തട്ടിയെടുത്ത കേസിൽ ബഹ്റൈൻ സ്വദേശിക്ക് കോടതി കഠിനതടവ് വിധിച്ചു. 19 നിക്ഷേപകരിൽനിന്നായി ഏകദേശം 3,82,000 ബഹ്റൈനി ദിനാർ തട്ടിയെടുത്ത 42കാരനെയാണ് ഹൈ ക്രിമിനൽ കോടതി ശിക്ഷിച്ചത്. അഞ്ച് വർഷം തടവും ഒരു ലക്ഷം ദീനാർ പിഴയുമാണ് ശിക്ഷ.
കൂടാതെ നിക്ഷേപകരിൽനിന്ന് വാങ്ങിയ മുഴുവൻ തുകയും തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. പ്രതിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനായി സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഇരകൾക്ക് കോടതി അനുമതി നൽകി. തട്ടിപ്പിലൂടെ സമ്പാദിച്ച ലാഭം കണ്ടുകെട്ടാനും ഉത്തരവായി. ലണ്ടനിൽ രണ്ട് കമ്പനികൾ രജിസ്റ്റർ ചെയ്ത പ്രതി, പ്രമുഖ നിക്ഷേപ പ്ലാറ്റ്ഫോമുകളുടെ പേരിനോട് സാമ്യമുള്ള പേരുകൾ ഉപയോഗിച്ചാണ് നിക്ഷേപകരെ ആകർഷിച്ചത്. പ്രതിമാസം 10 ശതമാനം ലാഭവിഹിതം ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. തുടക്കത്തിൽ ലാഭം നൽകി വിശ്വസിപ്പിക്കുകയും പിന്നീട് പണവുമായി മുങ്ങുകയുമായിരുന്നു രീതി. നിക്ഷേപം സുരക്ഷിതമാണെന്ന് വിശ്വസിപ്പിക്കാൻ വ്യാജ ഇൻഷുറൻസ് കരാറുകളും ഇയാൾ ഒപ്പിട്ടുനൽകിയിരുന്നു. എന്നാൽ ഇവയ്ക്ക് നിയമസാധുത ഉണ്ടായിരുന്നില്ല.
മുമ്പും സമാനമായ നിരവധി തട്ടിപ്പുകളിൽ പ്രതിയായ ഇയാളുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. ഇത് മറികടക്കാൻ, 16 വർഷത്തോളം അകന്നു കഴിഞ്ഞിരുന്ന സ്വന്തം സഹോദരിമാരുമായി ഇയാൾ കുടുംബ അനുരഞ്ജനത്തിലൂടെ ബന്ധം സ്ഥാപിച്ചു. നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് സഹോദരിമാരുടെ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് പണം കൈകാര്യം ചെയ്തിരുന്നത്.
സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനിന്റെ യാതൊരു അനുമതിയും ഇല്ലാതെയാണ് ഇയാൾ നിക്ഷേപങ്ങൾ സ്വീകരിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

