പെൺകുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രാധാന്യം നൽകി 'ക്രിയോ' കാമ്പയിൻ
text_fields'ക്രിയോ' കാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽനിന്ന്
മനാമ: ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബി.സി.എഫ്) ഐ.സി.സിയുടെ 'ക്രിയോ' ക്രിക്കറ്റിന്റെ കീഴിൽ 'ഐ.സി.സി ക്രീലിയോ ക്രിക്കറ്റ് ഫെസ്റ്റിവൽ', 'ഐ.സി.സി വിമൺ വീക്ക്' എന്നിവ സംഘടിപ്പിക്കുന്നു. രാജ്യത്ത് ക്രിക്കറ്റിനെ വളർത്തിയെടുക്കാനും പ്രത്യേകിച്ച് പെൺകുട്ടികളെയും ഭിന്നശേഷിയുള്ള കളിക്കാരെയും ശാക്തീകരിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതികൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ നവംബർ 14 വരെയാണ് കാമ്പയിൻ. 'ക്രിക്കറ്റ് എവിടെയും, ആർക്കും, എപ്പോഴും' എന്ന ഐ.സി.സിയുടെ ആഗോള കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്രിയോ ക്രിക്കറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ബഹ്റൈനിലെ 16 സ്കൂളുകളെ പങ്കെടുപ്പിച്ച് ഊർജസ്വലമായ ഒരു സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെന്റാണിത്. 2025 നവംബർ 14ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മികച്ച സ്കൂൾ ടീമുകൾ മാറ്റുരക്കും.
ചരിത്രത്തിലാദ്യമായി, വീൽചെയർ ഉപയോഗിക്കുന്നവർക്കും ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾക്കുമായി ബി.സി.എഫ് പ്രത്യേക ഉൾക്കൊള്ളൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തും. ഇത് ബഹ്റൈനിലെ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. വനിത എൻ.ജി.ഒകളുമായുള്ള സഹകരണം ഫെസ്റ്റിവലിന്റെ സാമൂഹിക സ്വാധീനം വർധിപ്പിക്കുകയും പെൺകുട്ടികളുടെ ക്രിക്കറ്റിന്റെ വളർച്ചക്ക് പ്രോത്സാഹനം നൽകുകയും കൂടുതൽ വനിതാകളിക്കാരെ ബഹ്റൈന്റെ ദേശീയ ക്രിക്കറ്റ് ചട്ടക്കൂടിലേക്ക് കൊണ്ടുവരുകയും ചെയ്യും.
ഇന്ത്യയിലും ശ്രീലങ്കയിലും നടക്കുന്ന ഐ.സി.സി വനിത ലോകകപ്പുമായി യോജിച്ചുനിന്നുകൊണ്ട് ബി.സി.എഫ് ഐ.സി.സി വിമൺ വീക്കിന് ആതിഥേയത്വം വഹിക്കും. ക്രിക്കറ്റും വിദ്യാഭ്യാസവും സംയോജിപ്പിച്ചുകൊണ്ട് നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. അധ്യാപകപരിശീലന വർക്ക്ഷോപ്പുകൾ, വനിതാ ക്രീലിയോ ഫെസിലിറ്റേഷൻ പ്രോഗ്രാം, ലോകകപ്പ് മാച്ച് വാച്ച് പാർട്ടികൾ, രണ്ട് ദിവസത്തെ ക്രീലിയോ ഫെസ്റ്റിവലുകൾ എന്നിവ സംഘടിപ്പിക്കും. ഈ പ്രോഗ്രാമുകളിൽ പങ്കുചേരാൻ സ്കൂളുകൾ, കുടുംബങ്ങൾ, എൻ.ജി.ഒകൾ, ക്രിക്കറ്റ് പ്രേമികൾ എന്നിവരെ ബി.സി.എഫ് ക്ഷണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

