ക്രൂസ് കപ്പൽ സീസണിന് തുടക്കമായി
text_fieldsമനാമ: രാജ്യത്ത് ക്രൂസ് കപ്പൽ സീസണിന് ആരംഭം കുറിച്ചതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു. നവംബർ മുതൽ 2023 മേയ് വരെയുള്ള കാലയളവിൽ ഖലീഫ ബിൻ സൽമാൻ തുറമുഖം വഴി 50,000ത്തിലധികം വിനോദസഞ്ചാരികൾ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ പ്രമുഖ ക്രൂസ് കപ്പൽ വിനോദസഞ്ചാരകേന്ദ്രമായി ബഹ്റൈനെ മാറ്റുന്നതിന് 2009ലാണ് ക്രൂസ് ടൂറിസം ആരംഭിച്ചത്. കോവിഡ് മഹാമാരി മൂലമുള്ള ഇടവേളക്കു ശേഷം ക്രൂസ് കപ്പലുകൾ വിനോദസഞ്ചാരരംഗത്ത് വീണ്ടും സജീവമാവുകയാണ്.ദേശീയ സമ്പദ് വ്യവസ്ഥയിലേക്ക് കപ്പൽ ടൂറിസവും നിർണായക സംഭാവന നൽകുന്നുണ്ട്.
രാജ്യത്ത് വളർന്നുവരുന്ന സാമ്പത്തിക മേഖലയെന്ന നിലയിൽ ക്രൂസ് കപ്പൽ വിനോദസഞ്ചാരത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സി.ഇ.ഒ ഡോ. നാസർ അലി ഖാഇദി അഭിപ്രായപ്പെട്ടു. ലോകമെങ്ങുമുള്ള രാജ്യങ്ങളിൽനിന്ന് ക്രൂസ് കപ്പലുകളിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ വളർച്ചയുണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ ക്രൂസ് കപ്പലുകളുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2022-2026 വർഷത്തേക്കുള്ള രാജ്യത്തിന്റെ വിനോദസഞ്ചാര നയത്തിൽ ക്രൂസ് ടൂറിസത്തിന് നിർണായക പങ്കുണ്ടെന്നും ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന രാജ്യത്തിന്റെ പദവി ഉയർത്തുകയാണ് ലക്ഷ്യമെന്നും ഡോ. ഖാഇദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

