കിരീടാവകാശിയുടെ യു.എസ് സന്ദർശനം; നയതന്ത്ര പങ്കാളിത്തത്തിലെ സുപ്രധാന നേട്ടം
text_fieldsഅമേരിക്കൻ പര്യടനവേളയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം കിരീടാവകാശി
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ യു.എസ് സന്ദർശനത്തെ രാജ്യത്തിന്റെ നയതന്ത്ര പങ്കാളിത്തത്തിലെ സുപ്രധാന നേട്ടമെന്ന് വിശേഷിപ്പിച്ച് പ്രമുഖർ.സുസ്ഥിര വികസനത്തിനും ദേശീയനേട്ടങ്ങൾക്കും അനുയോജ്യമായ സാമ്പത്തിക, വാണിജ്യ, സാങ്കേതികബന്ധങ്ങൾ അമേരിക്കയുമായി വികസിപ്പിക്കാൻ സന്ദർശനം സാധ്യമാക്കിയെന്ന് മന്ത്രിമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും അഭിപ്രായപ്പെട്ടു.സന്ദർശനവേളയിൽ കിരീടാവകാശി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും മറ്റ് മുതിർന്ന യു.എസ് ഭരണകൂട ഉദ്യോഗസ്ഥരുമായും വൈറ്റ് ഹൗസിൽ ചർച്ചകൾ നടത്തിയിരുന്നു. വ്യോമയാനം, സാങ്കേതികവിദ്യ, വ്യവസായം, നിക്ഷേപം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ ഇരുരാജ്യങ്ങളിലെയും സ്വകാര്യമേഖലകൾ തമ്മിൽ 17 ബില്യൺ ഡോളറിന്റെ കരാറുകളിലാണ് ഒപ്പുവെച്ചത്. ഇത് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വിശ്വാസത്തെയും പങ്കാളിത്തത്തെയും പ്രതിഫലിപ്പിക്കുന്നെന്ന് പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം പറഞ്ഞു.
ഉന്നതതല യോഗങ്ങൾ ഇരു സൗഹൃദരാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയും വിവിധ സുരക്ഷ, പ്രതിരോധ, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക മേഖലകളിലെ സഹകരണം വർധിപ്പിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനയും വ്യക്തമാക്കി. 30ലധികം ഉഭയകക്ഷി സഹകരണ കരാറുകളിലും ധാരണപത്രങ്ങളിലുമാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലായത്.130 വർഷത്തിലേറെയായുള്ള അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ അഭിമാനിക്കുന്നതായും വിദേശകാര്യമന്ത്രി പറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടിന് അനുസൃതമായി സാമ്പത്തിക, നിക്ഷേപ മേഖലകളിൽ ബഹ്റൈന്റെ ആഗോളസ്ഥാനം വർധിപ്പിക്കുന്നതിന് സന്ദർശനം സഹായിച്ചെന്ന് ശൂറാ കൗൺസിൽ ചെയർമാൻ അലി സാലിഹ് അൽ സാലിഹ് ചൂണ്ടിക്കാട്ടി. സുരക്ഷ, സമ്പദ്വ്യവസ്ഥ, ഊർജം, വ്യാപാരം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ നിരവധി പ്രധാന കരാറുകൾക്കും ധാരണപത്രങ്ങൾക്കും പുറമെ സ്വകാര്യമേഖല കരാറുകളും ഒപ്പുവെച്ചതിനെ ബഹ്റൈനിലെ യു.എസ് അംബാസഡർ സ്റ്റീവൻ ബോണ്ടിയും പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

