ബഹ്റൈനി ആർക്കിടെക്ടുകളെ അഭിനന്ദിച്ച് കിരീടാവകാശി
text_fieldsമിഡിലീസ്റ്റിലെ മികച്ച ആർക്കിടെക്ടുകളായി തിരഞ്ഞെടുക്കപ്പെട്ട എൻജിനീയർ അമീൻ റാദിയുമായും എൻജിനീയർ മൈസം അൽ നാസറുമായും കിരീടാവകാശി സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൂടിക്കാഴ്ച നടത്തുന്നു
മനാമ: 2025ൽ മിഡിലീസ്റ്റിലെ മികച്ച ആർക്കിടെക്റ്റുകളായി തിരഞ്ഞെടുക്കപ്പെട്ട എൻജിനീയർ അമീൻ റാദിയുമായും എൻജിനീയർ മൈസം അൽ നാസറുമായും കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ റിഫാ കൊട്ടാരത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തി. 'നിഷേ മാഗസിൻ മിഡിലീസ്റ്റ്' പുറത്തിറക്കിയ പട്ടികയിലാണ് ഇരുവരും ഈ നേട്ടം കൈവരിച്ചത്.
പുരസ്കാരം നേടിയ രണ്ട് ആർക്കിടെക്റ്റുകളെയും അഭിനന്ദിച്ചു. രാജ്യത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ കിരീടാവകാശി ആവർത്തിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സമഗ്രമായ കാഴ്ചപ്പാടിന് അനുസൃതമായി, പൗരന്മാരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനാവശ്യമായ സാഹചര്യം രാജ്യം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എൻജിനീയറിങ്, ആർക്കിടെക്ചർ മേഖലകളിൽ രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയുടെ അടയാളമാണ് ഈ നേട്ടമെന്നും 'ടീം ബഹ്റൈന്റെ' കഴിവിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾക്ക് നൽകുന്ന തുടർപിന്തുണക്കും പ്രോത്സാഹനത്തിനും അമീൻ റാദിയും മൈസം അൽ നാസറും കിരീടാവകാശിയോട് നന്ദി അറിയിച്ചു. രാജ്യത്തിന്റെ വികസനത്തിൽ സജീവ പങ്കാളികളാകാനും പ്രഫഷനൽ രംഗത്തെ പ്രയത്നങ്ങളിലൂടെ രാജ്യപുരോഗതിക്കായി കൂടുതൽ സംഭാവനകൾ നൽകാനും തങ്ങൾ ഉത്തരവാദിത്തപ്പെട്ടവരാണെന്ന് അവർ വ്യക്തമാക്കി.
ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, പ്രൈം മിനിസ്റ്റർ കോർട്ട് മന്ത്രി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

