കിരീടാവകാശി ജപ്പാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsകിരീടാവകാശിയും ജപ്പാൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും ജപ്പാൻ ചക്രവർത്തി നരുഹിറ്റോയുടെയും പിന്തുണയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി മുന്നോട്ട് പോകുകയാണെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി.
ബഹ്റൈനും ജപ്പാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പുതിയ സഹകരണ മേഖലകൾ തുറക്കുന്നതായും, പ്രത്യേകിച്ചും പ്രധാനപ്പെട്ട മേഖലകളിൽ ഇത് കൂടുതൽ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങൾക്കും പൊതുവായ ലക്ഷ്യങ്ങളും താൽപര്യങ്ങളും നിറവേറ്റുന്നതിന് ഈ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു.
ഒസാക്ക എക്സ്പോ 2025ന്റെ മികച്ച സംഘാടനത്തെയും വൈവിധ്യമാർന്ന പരിപാടികളെയും കിരീടാവകാശി പ്രശംസിച്ചു. നൂതനമായ പരിഹാരങ്ങൾ അവതരിപ്പിക്കാനും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഈ എക്സ്പോ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ധാരണപത്രങ്ങളും കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചു.
ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ധാരണപത്രങ്ങൾ
ബഹ്റൈൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയും (ജെ.എ.എക്സ്.എ) തമ്മിലുള്ള സഹകരണ ധാരണപത്രം സംയുക്ത പദ്ധതികൾ, ഗവേഷണ-വികസന പ്രവർത്തനങ്ങൾ, പരിശീലനം, വൈദഗ്ധ്യം പങ്കിടൽ എന്നിവ ലക്ഷ്യമിട്ടാണ് ഇത് ഒപ്പുവെച്ചത്. ബഹ്റൈന് വേണ്ടി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ജപ്പാനുവേണ്ടി ജെ.എ.എക്സ്.എ പ്രസിഡന്റ് ഹിരോഷി യമകാവയുമാണ് ഒപ്പുവെച്ചത്.
കൂടാതെ പൊതുമേഖലയിലെ മാനവശേഷി വികസനവുമായി ബന്ധപ്പെട്ട സഹകരണത്തിനായി ബഹ്റൈൻ സിവിൽ സർവിസ് ബ്യൂറോയും ജപ്പാൻ ഇന്റർനാഷനൽ കോഓപറേഷൻ സെന്ററും സഹകരണ ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ഇ-ഗവൺമെന്റ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ രംഗത്തെ വൈദഗ്ധ്യം കൈമാറുന്നതിനായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയും ജപ്പാന്റെ ഡിജിറ്റൽ ഏജൻസിയും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു. വ്യവസായ, വാണിജ്യ മന്ത്രാലയം, വ്യോമഗതാഗത സേവനങ്ങളും നേരിട്ടുള്ള വിമാന സർവിസുകളും സംബന്ധിച്ച വിഷയം തുടങ്ങിയവയിലും ഇരുവരും ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

