ബ്രിട്ടീഷ് പ്രതിരോധ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി കിരീടാവകാശി
text_fieldsബ്രിട്ടന്‍റെ പ്രതിരോധ ഉപദേഷ്ടാവ് എഡ്വേർഡ് അൽഗ്രനും കിരീടാവകാശിയും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബ്രിട്ടന്‍റെ മിഡിൽ ഈസ്റ്റ് - നോർത്ത് ആഫ്രിക്ക പ്രതിരോധ ഉപദേഷ്ടാവ് വൈസ് അഡ്മിറൽ എഡ്വേർഡ് അൽഗ്രനുമായി കൂടിക്കാഴ്ച നടത്തി. റിഫ പാലസിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധവും സുരക്ഷാ സഹകരണവും പ്രധാന ചർച്ചാവിഷയമായി.
ബഹ്‌റൈനും യു.കെയും തമ്മിലുള്ള ദീർഘകാല ബന്ധത്തെ കിരീടാവകാശി പ്രശംസിച്ചു. വിവിധ മേഖലകളിൽ നിലനിൽക്കുന്ന തന്ത്രപ്രധാനമായ സഹകരണം ഇരുരാജ്യങ്ങളുടെയും പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച്, സമഗ്ര സുരക്ഷാ സംയോജന-സമൃദ്ധി കരാർ പ്രകാരമുള്ള സഹകരണം കൂടുതൽ ഊർജിതമാക്കാൻ ഇരുപക്ഷവും സന്നദ്ധത അറിയിച്ചു.
പ്രാദേശികവും അന്തർദ്ദേശീയവുമായ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിൽ യു.കെയും സഖ്യകക്ഷികളും വഹിക്കുന്ന നിർണ്ണായക പങ്കിനെ കിരീടാവകാശി അഭിനന്ദിച്ചു. മേഖലയിലെ ശത്രുതാപരമായ അധിനിവേശങ്ങളെ പ്രതിരോധിക്കുന്നതിൽ ബഹ്‌റൈൻ നടത്തുന്ന ശ്രമങ്ങൾക്ക് യു.കെ നൽകുന്ന പിന്തുണയെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. സൈനിക-പ്രതിരോധ മേഖലകളിൽ നിലവിലുള്ള പങ്കാളിത്തം ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താൽപ്പര്യം മുൻനിർത്തി കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മേഖലയിലെ പുതിയ സംഭവവികാസങ്ങളും അവ അന്താരാഷ്ട്ര സുരക്ഷയിലുണ്ടാക്കുന്ന സ്വാധീനങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തി. പ്രധാനമന്ത്രിയുടെ കോർട്ട് മിനിസ്റ്റർ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ധനകാര്യ-ദേശീയ സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും ഈ ഔദ്യോഗിക ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

