ഇനി അതിർത്തി കടന്നുള്ള ചരക്കുനീക്കം സുഗമമാകും
text_fieldsമനാമ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കിടയിലുള്ള അന്താരാഷ്ട്ര കരഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ഏകീകൃത നിയമത്തിന് ബഹ്റൈൻ ശൂറാ കൗൺസിൽ അംഗീകാരം നൽകി. പ്രാദേശിക ഗതാഗത നിയമങ്ങളിലെ വിടവുകൾ നികത്തുന്നതിനും ചരക്കുനീക്കം സുഗമമാക്കുന്നതിനും ബഹ്റൈൻ ട്രാൻസ്പോർട്ടർമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും പുതിയ നിയമം സഹായിക്കുമെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ വ്യക്തമാക്കി.
അംഗീകാരം നിയമമായാൽ യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും ഒരേപോലെ ബാധകമായ മാനദണ്ഡങ്ങളും നിയമലംഘന രീതികളും നിശ്ചയിക്കും. ഇത് അതിർത്തി കടന്നുള്ള യാത്രകൾ സുരക്ഷിതമാക്കും. 2022ൽ ആരംഭിച്ച ഈ ഏകീകൃത നിയമം ആദ്യം അംഗീകരിച്ചത് സൗദി അറേബ്യയാണ്. നിലവിൽ ബഹ്റൈനിൽ നിന്നുള്ള വാഹനങ്ങൾ സൗദിയിൽ നിയമക്കുരുക്കിൽപ്പെടുന്നത് ഒഴിവാക്കാൻ നടപടിക്രമങ്ങൾ ഏകീകരിക്കുന്നതുവഴി സാധിക്കും. ബഹ്റൈനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 150ഓളം ലോജിസ്റ്റിക് കമ്പനികൾക്കും അവയുടെ കീഴിലുള്ള 2,300ലധികം വാഹനങ്ങൾക്കും ഈ നിയമം ഗുണകരമാകും. സൗദി അറേബ്യയിൽ നിയമവിരുദ്ധമായി സർവിസ് നടത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകും. ഇത് ഈ മേഖലയിലേക്ക് കടന്നുവരുന്ന യുവാക്കൾക്ക് മികച്ച അവസരങ്ങൾ നൽകും. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ബ്യൂറോക്രസി കുറക്കാനുമായി ‘റിമോട്ട് ഇൻസ്പെക്ഷൻ’ സംവിധാനം ഏർപ്പെടുത്തും.
ജനവാസ മേഖലകളിൽ വലിയ ട്രക്കുകളും വാഹനങ്ങളും പാർക്ക് ചെയ്യുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കിംഗ് ഫഹദ് കോസ്വേയിൽ കൂടുതൽ സ്ഥലസൗകര്യം ലഭ്യമാകുന്നതോടെ ഈ പ്രശ്നത്തിന് വലിയ തോതിൽ പരിഹാരമാകും. വാണിജ്യ മേഖലയിലെ പ്രമുഖരുമായും സൗദി അധികൃതരുമായും കൂടിയാലോചിക്കാതെ പുതിയ ഫീസുകളൊന്നും ഈടാക്കില്ലെന്നും മന്ത്രി ഉറപ്പുനൽകി. ശൂറാ കൗൺസിൽ പാസാക്കിയ ഈ നിയമം ഇനി അന്തിമ അംഗീകാരത്തിനായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

