ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധി; ആഗോള സാമ്പത്തിക തകർച്ചക്ക് കാരണമായേക്കാം- ബഹ്‌റൈൻ
text_fieldsമനാമ: ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണി തുടർന്നാൽ ആഗോള സുരക്ഷയെയും ഭക്ഷ്യലഭ്യതയെയും ഗുരുതരമായി ബാധിക്കുന്നതായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി മുന്നറിയിപ്പ് നൽകി.
ഇത് കേവലം ഒരു പ്രാദേശിക തർക്കമല്ലെന്നും മറിച്ച് ലോകം മുഴുവൻ നേരിടുന്ന അടിയന്തര സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 28 മുതൽ ഹുർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതത്തിൽ 90 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വളത്തിന്‍റെ ദൗർലഭ്യം കാർഷിക മേഖലയെ തകർക്കുമെന്നും ഇത് ലോകമെമ്പാടും പട്ടിണി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 4.5 കോടി ജനങ്ങൾ പുതുതായി പട്ടിണിയിലേക്ക് തള്ളപ്പെട്ടേക്കാം എന്നാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. അറബ് ലോകത്തെ മാത്രം 40 ലക്ഷത്തോളം പേർ ദാരിദ്ര്യത്തിലേക്ക് നീങ്ങാൻ ഈ സാഹചര്യം കാരണമായേക്കാം. ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ ബഹ്‌റൈൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ പ്രമേയം അവതരിപ്പിച്ചു. 136 രാജ്യങ്ങൾ പിന്തുണച്ച 2817ാം നമ്പർ പ്രമേയം ഇറാൻ ലംഘിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
‘ഹുർമുസ് കടലിടുക്ക് ലോകത്തിന്‍റേതാണ്. അന്താരാഷ്ട്ര നിയമങ്ങൾ പരസ്യമായി ലംഘിക്കപ്പെടുമ്പോൾ നടപടിയെടുക്കുക എന്നത് രക്ഷാസമിതിയുടെ വിശ്വാസ്യതയുടെ പ്രശ്നമാണെന്നും ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി പറഞ്ഞു’. ഊർജ്ജം, മരുന്ന്, ഭക്ഷണം, വളം എന്നിവയുടെ വിതരണം തടസ്സപ്പെടുന്നത് ലോകത്തിന്‍റെ തെക്കൻ മേഖലയിലുള്ള രാജ്യങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്നും രക്ഷാസമിതി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവിൽ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ബഹ്‌റൈൻ, വിഷയത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ സമവായമുണ്ടാക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

