ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ‘ഏഷ്യൻ അണ്ടർ 16’ ക്രിക്കറ്റ് ടൂർണമെൻറിലേക്ക്
text_fieldsമനാമ: ഒമാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) വെസ്റ്റേൺ റീജ്യൻ ടൂർണമെൻറിനുള്ള ബഹ്റൈൻ ദേശീയ അണ്ടർ 16 ക്രിക്കറ്റ് ടീമിലേക്ക് രണ്ട് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. പത്താം ക്ലാസ് വിദ്യാർഥികളായ ഓം ഉമേഷ് ചന്ദ്ര, ഹാനിയേൽ ആസിർ റോബർട്ട് എന്നിവരാണ് ദേശീയ ടീമിൽ ഇടംപിടിച്ചത്. ഒക്ടോബർ 20 മുതൽ 30 വരെ ഒമാൻ തലസ്ഥാന നഗരമായ മസ്കത്തിൽ നടക്കുന്ന ടൂർണമെൻറിൽ പങ്കെടുക്കാനായി ഒക്ടോബർ 18ന് ടീം പുറപ്പെടും.
ഏഷ്യയിലെ വെസ്റ്റേൺ റീജ്യനിൽനിന്നുള്ള എട്ടു രാജ്യങ്ങൾ രണ്ടു ഗ്രൂപ്പുകളായി ടൂർണമെൻറിൽ മത്സരിക്കും. സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ഒമാൻ, കുവൈത്ത്, ഇറാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ടീമുകളാണ് ബഹ്റൈനൊപ്പം മത്സരത്തിൽ പങ്കെടുക്കുന്നത്. ബഹ്റൈൻ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആൻറണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്കൂൾ ഫിസിക്കൽ എജുക്കേഷൻ മേധാവി സൈകത്ത് സർക്കാർ എന്നിവർ അഭിനന്ദിച്ചു.
