രണ്ട് മാസത്തെ നിരോധനത്തിന് ശേഷം ബഹ്‌റൈൻ മാർക്കറ്റുകളിൽ ഞണ്ടുകൾ എത്തുത്തുടങ്ങി
text_fieldsമനാമ: കടൽ വിഭവങ്ങളുടെ സംരക്ഷണാർത്ഥം ഏർപ്പെടുത്തിയ രണ്ട് മാസത്തെ താൽക്കാലിക നിരോധനം അവസാനിച്ചതോടെ ബഹ്‌റൈനിലെ വിപണികളിൽ ഞണ്ടുകൾ വീണ്ടും സജീവമായി. സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ഏർപ്പെടുത്തിയിരുന്ന വാർഷിക നിരോധനമാണ് മേയ് 16 ശനിയാഴ്ചയോടെ അവസാനിച്ചത്. മാർച്ച് 15നായിരുന്നു രാജ്യത്തെ പ്രാദേശിക കടൽ പരിധിയിൽ ഞണ്ട് പിടുത്തത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നത്.
നിരോധനം നീങ്ങിയതോടെ വിപണിയിലേക്ക് ഞണ്ടുകളുടെ വരവ് പുനരാരംഭിച്ചതായും ആവശ്യക്കാർ ഏറെയുണ്ടെന്നും വ്യാപാരി പറഞ്ഞു. നിലവിൽ ഞണ്ടുകളുടെ ഇനവും ലഭ്യതയുമനുസരിച്ച് കിലോഗ്രാമിന് 800 ഫിൽസ് മുതൽ 1.500 ബഹ്‌റൈൻ ദിനാർ വരെയാണ് വിപണിയിലെ വില.
കടൽ വിഭവങ്ങളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ബഹ്‌റൈന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഞണ്ട് പിടുത്തത്തിനും വിപണനത്തിനും വാർഷിക നിരോധനം ഏർപ്പെടുത്തുന്നതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് മറൈൻ റിസോഴ്സസ് വ്യക്തമാക്കി. ഞണ്ടുകളുടെ പ്രജനന കാലയളവ് സംരക്ഷിക്കുന്നതിനും അതുവഴി കടലിലെ ഇവയുടെ എണ്ണം വർദ്ധിപ്പിച്ച് സീസണിൽ മികച്ച ലഭ്യത ഉറപ്പാക്കുന്നതിനുമായാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

